വാൻഹായ് സുരക്ഷിത അകലത്തിലേക്ക് ; 48 മണിക്കൂറിനകം ഇന്ത്യൻ പ്രത്യേക സാമ്പത്തിക മേഖല കടക്കും

കൊച്ചി
പുറംകടലിൽ തീപിടിച്ച ‘വാൻഹായ് 503’ കപ്പൽ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽനിന്ന് അകലുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ 48 മണിക്കൂറിനകം കപ്പലിനെ ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല വരുന്ന 200 നോട്ടിക്കൽ മൈലിന് പുറത്തേക്ക് കൊണ്ടുപോകാനാകുമെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് പ്രതീക്ഷിക്കുന്നത്. നിലവിൽ കൊല്ലം തങ്കശേരിയിൽനിന്ന് 140 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ.
ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ കപ്പൽ കമ്പനിയോട് ഡിജി ഷിപ്പിങ് ആവശ്യപ്പെട്ടിരുന്നു. തീയണയ്‌ക്കലിന്, പനാമ പതാക വഹിക്കുന്ന ടഗ്ഗായ അഡ്‌വാന്റിസ് വിർഗോ തിങ്കളാഴ്‌ച എത്തും. ഇതിൽ തീയണയ്‌ക്കാനുള്ള ആധുനിക സംവിധാനമുണ്ട്. തീ പൂർണമായി അണഞ്ഞശേഷം കപ്പൽ ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറുഖത്തേക്ക് മാറ്റുകയാണ് ലക്ഷ്യം.
വിദഗ്‌ധസംഘം കപ്പലിൽക്കയറി രക്ഷാപ്രവർത്തനം കൂടുതൽ ഊജിതമാക്കിയതായി ഡിജി ഷിപ്പിങ് അറിയിച്ചു. കപ്പലിനുള്ളിലെ എമർജൻസി ജനറേറ്ററിന്റെ ബാറ്ററി മാറ്റി. അഞ്ചാംനമ്പർ അറയിലെ തീ കാർബൺഡയോക്‌സൈഡ് ഉപയോഗിച്ച് അണച്ചു. ജനറേറ്റർ വീണ്ടും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞത് തീയണയ്ക്കൽ കൂടുതൽ വേഗത്തിലാക്കും.
എൻജിൻമുറിയിലെ വെള്ളംനീക്കൽ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ജനറേറ്റർ ഉപയോഗിച്ച് പമ്പുകൾ പ്രവർത്തിപ്പിച്ച് വെള്ളം വറ്റിക്കാനാണ് ശ്രമം. 280ലധികം കണ്ടെയ്‌നറുകൾ കപ്പലിലുണ്ട്.
കടലിൽ മുങ്ങിയ എംഎസ്‌സി എൽസ–-മൂന്നിലെ ഇന്ധനനീക്കത്തിന് ഗാർഡ് വെസ്സലായ കനറ മേഘ കപ്പൽ പ്രവർത്തനം ആരംഭിച്ചു. ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകൾ വീണ്ടെടുക്കാൻ രണ്ട് മുങ്ങൽവിദഗ്‌ധരുണ്ട്. എണ്ണചോർച്ച കണ്ടെത്താനുള്ള സംവിധാനങ്ങളും കപ്പലിലുണ്ട്.








0 comments