കപ്പലിലെ 157 കണ്ടെയ്‌നറിൽ അമ്പതിലും അപകടകരമായ വസ്‌തുക്കൾ
അണയാതെ തീ ; ഉദ്യമം ദുഷ്‌കരമാക്കുന്നത് തീപിടിക്കുന്ന വസ്‌തുക്കൾ

സുജിത് ബേബി
Published on Jun 11, 2025, 02:35 AM | 1 min read
കോഴിക്കോട്
അഴീക്കലിനടുത്ത് പുറംകടലിൽ കത്തിയ ‘വാൻഹായ് 503’ ചരക്കുകപ്പലിലെ തീ രണ്ടാം ദിവസവും അണയ്‌ക്കാനായില്ല. കൂടുതൽ കണ്ടെയ്നറുകളിലേക്ക് തീ പടർന്നതോടെ കടലിൽ കപ്പൽ ആളിക്കത്തുകയാണ്. തീയും പൊട്ടിത്തെറിയും കാരണം കപ്പൽ ഇടതുവശത്തേക്ക് ചെരിയുന്നുണ്ട്. പത്ത് മുതൽ 15 ഡിഗ്രി വരെ ചെരിവാണ് കപ്പലിനുള്ളത്. ഇത് അപകടകരമായ അവസ്ഥയല്ലെന്നാണ് നാവികസേന അധികൃതർ പറയുന്നത്. ആളിപ്പടർന്ന തീയുടെ തീവ്രതയ്‌ക്ക് ചൊവ്വാഴ്‌ച വൈകിട്ടോടെ കുറവുണ്ടായിട്ടുണ്ട്. എന്നാൽ, പുകയ്‌ക്ക് അൽപംപോലും ശമനമുണ്ടായിട്ടില്ല.
നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും കപ്പലുകൾ തീയണയ്‌ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. തീരസംരക്ഷണ സേനയുടെ സചേത്, അർണേഷ്, സമുദ്രപ്രഹരി, അഭിനവ്, രാജ്ദൂത്, സി144 എന്നീ കപ്പലുകളും മൂന്ന് വിമാനങ്ങളും നാവികസേനയുടെ സത്‌ലജ് കപ്പലുമാണ് ഉദ്യമം തുടരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ മംഗളൂരുവിൽ എത്തിച്ചശേഷം നാവികസേനയുടെ ഐഎൻഎസ് സൂറത്തും തിരികെ സംഭവസ്ഥലത്ത് എത്തി.
കപ്പലുകളിൽ സ്ഥാപിച്ച ഹൈജെറ്റ് നോസിലുകൾ ഉപയോഗിച്ച് വെള്ളം പമ്പുചെയ്‌താണ് തീയണയ്‌ക്കാനും കപ്പൽ തണുപ്പിക്കാനും ശ്രമം തുടരുന്നത്. അപകടകരമായി കത്തുന്ന വസ്‌തുക്കൾ നീക്കിയാലേ തീ അണയ്‌ക്കാനാകൂവെന്ന് നാവികസേന അധികൃതർ പറയുന്നു. അതാണ് ഉദ്യമം ദുഷ്‌കരമാക്കുന്നത്.
കപ്പലിൽ 157 കണ്ടെയ്നർ ഉണ്ട്. അമ്പതോളം എണ്ണത്തിൽ അപകടകരമായ വസ്‌തുക്കളാണ്. എത്ര കണ്ടെയ്നറിന് തീപിടിച്ചെന്നോ എത്രയെണ്ണം കടലിൽ പതിച്ചെന്നോ വ്യക്തമല്ല. നിയന്ത്രണം നഷ്‌ടമായ കപ്പൽ അറബിക്കടലിൽ തെക്കുകിഴക്കായി ഒഴുകുകയാണ്. എറണാകുളം, തൃശൂർ തീരത്തെത്താനും സാധ്യത അധികൃതർ തള്ളുന്നില്ല
കൊളംബോയിൽനിന്ന് മുംബൈയിലേക്ക് ചരക്കുമായി പുറപ്പെട്ട സിംഗപ്പുരിൽനിന്നുള്ള ‘വാൻഹായ് 503’ കപ്പലിന് തിങ്കൾ രാവിലെ ബേപ്പൂരിനും അഴീക്കലിനുമിടയിൽ കടലിൽവച്ചാണ് തീപിടിച്ചത്. കപ്പലിലുണ്ടായിരുന്ന 22 പേരിൽ ക്യാപ്റ്റനടക്കം 18 ജീവനക്കാരെ നാവികസേന മംഗളൂരുവിൽ എത്തിച്ചിരുന്നു. ശ്വാസകോശത്തിനടക്കം പൊള്ളലേറ്റ ചൈനീസ് പൗരൻ ലൂ എൻലി, തയ്‌വാൻ പൗരൻ സോണിറ്റൂർ എസെെനി എന്നിവരുടെ നില അതീവ ഗുരുതരം. കാണാതായവരെക്കുറിച്ച് ഇതുവരെ വിവരം ലഭ്യമായിട്ടില്ലെന്ന് നാവികസേന പിആർഒ അതുൽ പിള്ള പറഞ്ഞു.
നാവികസേനയുടെ ഐഎൻഎസ് സത്‌ലജ് സംഭവസ്ഥലത്ത് നിന്ന് മടങ്ങി. കടലിൽ മറിഞ്ഞ എംഎസ്‌സി എൽസ ചരക്കുകപ്പലിന്റെ ഹൈഡ്രോളിക് സർവേ നടത്തുന്നതിനായാണിത്. കോസ്റ്റ്‌ഗാർഡിന്റെ കപ്പലുകൾ തീയണയ്‌ക്കാനുള്ള ശ്രമം തുടരും.









0 comments