വാൻഹായ് കപ്പൽ ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല കടന്നു

കൊച്ചി
പുറങ്കടലിൽ തീപിടിച്ച ‘വാൻഹായ് 503’ കപ്പൽ ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല കടന്നു. 200 നോട്ടിക്കൽ മൈലിന് പുറത്തേക്ക് കൊണ്ടുപോകാനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ലക്ഷ്യമിട്ടിരുന്നത്. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടോടെ ലക്ഷ്യം കടന്നു.
കപ്പലിൽ കാര്യമായ തീ ദൃശ്യമല്ലെങ്കിലും പുക ഉയരുന്നുണ്ട്. പൂർണമായി അണച്ചശേഷം ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് നീക്കാനുള്ള ദൗത്യമാണ് പുരോഗമിക്കുന്നത്.
അഡ്‌വാന്റിസ് വിർഗോ, എസ്‌സിഐ പന്ന ടഗ്ഗുകൾ ചേർന്നാണ് തീയണയ്ക്കുന്നത്. കപ്പലിലെ വെള്ളം നീക്കൽ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു. അഞ്ച് പമ്പുകൾ ഉപയോഗിച്ചാണ് എൻജിൻ റൂമിലേതടക്കമുള്ള വെള്ളം നീക്കുന്നത്. അഡ്‌വാന്റിസ് വിർഗോ ടഗ്ഗ് തീകെടുത്താനുള്ള രാസമിശ്രിതം പ്രയോഗിക്കുന്നുണ്ട്. ദൗത്യമേഖലയിൽ നിരീക്ഷണവും ശക്തമാക്കി. മറ്റുകപ്പലുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓഫ്‌ഷോർ വാരിയർ കപ്പലാണ് വാൻഹായിയെ നീക്കുന്നത്. വാട്ടർലില്ലി ടഗ്ഗ്, സരോജ ബ്ലെസ്സിങ്, സക്ഷം കപ്പലുകളും ദൗത്യത്തിനുണ്ട്.








0 comments