ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രി വാസവൻ: മകന് ജോലി നൽകും; സഹായധനം കെെമാറി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് മേപ്പോത്തുകുന്നേൽ ഡി ബിന്ദു(52) മരിച്ച സംഭവത്തിൽ ബിന്ദുവിന്റെ വീട് സന്ദർശിച്ച് മന്ത്രി വി എൻ വാസവൻ. ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനേയും അമ്മയേയും മന്ത്രി ആശ്വസിപ്പിച്ചു. ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്ന മകൾ നവമിക്ക് കൂട്ടിരിക്കാനെത്തിയകതായിരുന്നു അമ്മ ബിന്ദു. പഴയ ശുചിമുറിയിൽ കുളിക്കാൻ കയറിയപ്പോഴാണ് അപകടമുണ്ടായത്. തലയോലപ്പറമ്പിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു ബിന്ദു.
ജില്ലാ കളക്ടറടക്കം മന്ത്രിക്കൊപ്പം വീട്ടിലെത്തി. ഭർത്താവ് വിശ്രുതൻ കുടുംബത്തിന്റെ ദുരിതാവസ്ഥയെ കുറിച്ച് മന്ത്രിയോട് വിശദീകരിച്ചു. അതേസമയം, ബിന്ദുവിന്റെ അമ്മയ്ക്ക് മന്ത്രി ആദ്യഘട്ട ആശ്വാസ സഹായം നൽകി. ബിന്ദുവിന്റെ സംസ്കാര ചടങ്ങിന് നൽകുമെന്ന് പറഞ്ഞിരുന്ന 50,000 രൂപയാണ് മന്ത്രി കെെമാറിയത്. മറ്റ് സഹായങ്ങൾ 11 ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും.
മകന് താൽക്കാലികമായി ആശുപത്രി വികസന സമിതിയുടെ ഭാഗമായി ഏതെങ്കിലും ജോലി നൽകും. ഇത് അടിയന്തിരമായി ചെയ്യും. സ്ഥിര ജോലിയെ സംബന്ധിച്ച് ആലോചിക്കും. മകളുടെ ശസ്ത്രക്രിയ സൗജന്യമായി ചെയ്ത് നൽകുമെന്നും മന്ത്രി ബിന്ദുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി
കോട്ടയം മെഡിക്കൽ കോളേജിന്റെ സൂപ്രണ്ട് ചെയ്യുന്ന പ്രവൃത്തികൾ എല്ലാവരും നോക്കിക്കാണേണ്ടതാണെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന് സംസ്ഥാനത്തെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം നൽകി ആദരിച്ചത് വെറുതെ ആയിരുന്നില്ല. ഒരു വർഷം രണ്ടായിരത്തിലധികം ഹൃദയ ശസ്ത്രക്രിയക്ക് നേതൃത്വം കൊടുക്കുന്നു വ്യക്തിയാണ്. ഇക്കാര്യത്തിൽ റെക്കോർഡിട്ട മെഡിക്കൽ കോളേജാണ് കോട്ടയം മെഡിക്കൽ കോളേജ്.
ടി കെ ജയകുമാറിന്റെ അർപ്പണ മനോഭാവം തന്നെയാണ് ഇതിന് പിന്നിൽ. കോവിഡ് കാലത്തെല്ലാം ഡോക്ടറെ അന്വേഷിക്കുമ്പോൾ എപ്പോഴും ശസ്ത്രക്രിയയുടെ തിരക്കിലായിരിക്കും. അക്കാലത്ത് കേരളത്തിലെ പല മെഡിക്കൽ കോളേജുകളും അടച്ചിടുകയായിരുന്നു, എന്നാൽ മംഗലാപുരത്ത് നിന്നും മധുരയിൽ നന്നും വന്ന രോഗികളെ പോലും അദ്ദേഹം മെനക്കെട്ട് ശസ്ത്രക്രിയ അദ്ദേഹം നടത്തി.
ഒരു പെെസ പോലും കെെക്കുലി അദ്ദേഹം വാങ്ങില്ല. കയ്യിൽ നിന്നും പണമെടുത്ത് സഹായിച്ച് രോഗികളെ അദ്ദേഹം രക്ഷപ്പെടുത്തിയിട്ടുണ്ട്. മൂന്ന് കാര്യങ്ങൾ കൂടി സാക്ഷ്യപ്പെടുത്തുന്നു
സർക്കാർ മെഡിക്കൽ കോളേജിൽ 10 ട്രാൻസ്പ്ലാന്റേഷൻ നടത്തിയ ഏക മെഡിക്കൽ കോളേജ് കോട്ടയം മെഡിക്കൽ കോളേജാണ്. ഏറ്റവും കൂടുതൽ ബെെപ്പാസ് ,ഓപ്പൺ ഹാർട്ട് എന്നിവയും പ്രെെമറി ആൻജിയോ പ്ലാസ്റ്റ് നടത്തി മൂന്ന് പ്രാവശ്യം ഇന്ത്യയിൽ തന്നെ റെക്കോർഡ് ഇട്ടതും കോട്ടയം മെഡിക്കൽ കോളേജായിരുന്നു എന്നും മന്ത്രി വാസവൻ വ്യക്തമാക്കി
0 comments