വിഴിഞ്ഞം കേരളത്തെ ആഗോള വ്യാവസായിക ഹബ്ബാക്കും: മന്ത്രി കെ എൻ ബാലഗോപാൽ

udf
വെബ് ഡെസ്ക്

Published on Jan 28, 2025, 05:44 PM | 2 min read

തിരുവനന്തപുരം: അടുത്ത പത്തുവർഷത്തിനുള്ളിൽ വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര തുറമുഖമാകുമെന്നും ആഗോള തുറമുഖ വാണിജ്യ വ്യാപാരമേഖലയിൽ ഇന്ത്യയ്ക്ക് മേൽക്കൈ നേടിക്കൊടുക്കുമെന്നും മന്ത്രി കെ എ ബാലഗോപാൽ. ഹയാത്ത് റീജൻസിയിൽ നടക്കുന്ന വിഴിഞ്ഞം കോൺക്ലേവ്- 2025 ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് തുറമുഖമാണ് വിഴിഞ്ഞം. രാജ്യത്ത് മറ്റൊരിടത്തും അത്യാധുനിക സാങ്കേതിക വിദ്യയോടെ പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് തുറമുഖമില്ല. ലോകത്ത് തന്നെ ആകെ 53 തുറമുഖങ്ങളാണ് ഓട്ടോമേറ്റഡായിട്ടുള്ളത്. ഏറ്റവും വലിയ മദർവെസ്സലുകൾക്കും അൾട്രാ ലാർജ് കണ്ടെയ്‌നറുകൾക്കും അനായാസം ഇവിടെ അടുക്കാം. പ്രകൃതിദത്തമായ 18-20 കിലോ മീറ്റർ ആഴം അതിന് സഹായകമാണ്. നിലവിൽ ഒരു മില്യൺ ടിഇയു ശേഷിയുള്ള വിഴിഞ്ഞം ഭാവിയിൽ അതിന്റെ ശേഷി 6.2 ടിഇയു വരെ ഉയർത്തും. അതോടെ ദുബായ്, കൊളംബോ തുറമുഖങ്ങളോട് കിടപിടിക്കുമെന്നും ലോകത്തിലെ 15 ശതമാനം കണ്ടെയ്‌നർ ട്രാൻ‌സ്ഷിപ്പ്‌മെന്റുകൾ കൈകാര്യം ചെയ്യുന്ന തരത്തിൽ വിഴിഞ്ഞം വികസിക്കുമെന്നും മന്ത്രി പറഞ്ഞു.


കേരളത്തിന് ആഗോള വ്യാപാരമേഖലയിൽ വലിയ കണക്ടിവിറ്റി ഉണ്ടാക്കുന്നതാണ് വിഴിഞ്ഞം. ഒരു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പ്രവേശനത്തിന് വിഴിഞ്ഞം ഉത്‌പ്രേരകമാകും. നാല് വിമാനത്താവളങ്ങളിലേക്കും രണ്ട് പ്രധാന തുറമുഖങ്ങളിലേക്കും 17 ചെറിയ തുറമുഖങ്ങളിലേക്കുമുള്ള കണക്ടിവിറ്റി വിഴിഞ്ഞത്തിന്റെ മാത്രം പ്രത്യേകതയാണ്. വിഴിഞ്ഞം ലോജിസ്റ്റിക്ക് പാർക്ക് കേരളത്തിന്റെ ഉത്പാദക്ഷമത പരമാവധി ശേഷിയിലെത്തിച്ച് ആഗോള മാർക്കറ്റിലേക്കുള്ള വഴി തുറക്കും. ഇലക്ട്രോണിക്, എജിനീയറിംഗ്, ഭക്ഷ്യോത്പാദനം, ഹരിത ഹൈഡ്രജൻ, ഹരിത അമോണിയ തുടങ്ങിയ മേഖലകളിൽ നിക്ഷേപകർക്ക് ലോജിസ്റ്റിക്ക് പാർക്കിൽ വലിയ സാധ്യതകളാണുള്ളത്.


വിഴിഞ്ഞം നാവായിക്കുളം ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ നിക്ഷേപകർക്ക് മുന്നിൽ വലിയ സാധ്യതകളാണ് തുറന്നിടുന്നത്. സർക്കാർ നേതൃത്വത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാൽ നിക്ഷേപകർക്ക് വളരെ ഏളുപ്പം വ്യവസായങ്ങൾ ആരംഭിക്കാനാകും. കൊച്ചി- കോയമ്പത്തൂർ ഇടനാഴി കേരളത്തിന്റെ വടക്കേ അറ്റത്തേക്ക് വികസനമെത്തിക്കുന്നതോടെ കേരളം ആഗോളവ്യവസായിക ഹബ്ബായി മാറുമെന്നും മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖം പാരിസ്ഥിതിക സൗഹാർദ്ദ സുസ്ഥിര വികസനത്തിന് ഉത്തമമാതൃകയായി മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ഭൂമിശാസ്ത്രപരമായി കേരളം കൊച്ചു സംസ്ഥാനമാണെങ്കിലും ആഗോള സുസ്ഥിര വികസന സൂചികയിൽ ലോകത്ത് കേരളം മികച്ചതാണെന്ന് അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കേവലം 1.16 ശതമാനം വിസ്തൃതിയും 2.8 ശതമാനം ജനസംഖ്യയുമുള്ള കേരളം ജി.ഡി.പിയിൽ നാലു ശതമാനമാണ് രാജ്യത്തിന് സംഭാവന ചെയ്യുന്നത്. മെയ്ഡ് ഇൻ ഇന്ത്യ, മേക്ക് ഇൻ കേരള എന്ന തരത്തിലാണ് കേരളം വളരുന്നത്. വിഴിഞ്ഞം ഇന്ത്യയുടെ പുതിയ കവാടമായി മാറുകയാണ്. കേരളത്തിന്റെ ഉയർന്ന വ്യാവസായികശേഷി നിക്ഷേപകരെ വലിയതോതിൽ ആകർഷിക്കുന്നുവെന്നും സംസ്ഥാനസർക്കാർ അതിന് അനുയോജ്യമായ വ്യവസായിക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു.


നാലാം നൂറ്റാണ്ടിൽ സംഘകാലഘട്ടത്തിൽ വിഴിഞ്ഞത്ത് തുറമുഖം നിലനിന്നിരുന്നതായി ചരിത്രരേഖകളുണ്ടെന്നും 21-ാം നൂറ്റാണ്ടിലും വിഴിഞ്ഞം വികസനത്തിന്റെ തേരാളിയായി മാറുകയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ശശിതരൂർ എംപി പറഞ്ഞു. തുറമുഖമെന്നതിലുപരി വിഴിഞ്ഞത്തിന്റെ ടൂറിസം സാധ്യതകളും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന് മാത്രമല്ല, തമിഴ്‌നാടിനും വിഴിഞ്ഞത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താം. ഏതാനും വർഷങ്ങൾക്കുള്ളിൽ കേരളത്തിന്റെ തനത് തദ്ദേശീയ ഉത്പന്നങ്ങൾ വിഴിഞ്ഞം വഴി ലോകവിപണിയിൽ ഇടം നേടുമെന്നും അദ്ദേഹം പറഞ്ഞു.


ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, അദാനി പോർട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പ്രണവ് ചൗധരി, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ എസ് ഹരികിഷോർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ, വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ മീർ മുഹമ്മദ്, വിസിൽ മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, എസ്ബിഐ സിജിഎം എ. ഭുവനേശ്വരി, ടിസിസിഐ പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡ്ട്രീസിന്റെ സഹകരണത്തോടെ കെഎസ്ഐഡിസിയാണ് രണ്ടുദിവസത്തെ കോൺക്ലേവ് സംഘടിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home