ഇത്‌ സർക്കാരിന്റെ ഇച്ഛാശക്തിയും 
നിശ്‌ചയദാർഢ്യവും : മുഖ്യമന്ത്രി

ലോകമഹാകവാടം ; കേരളത്തിന്റെ സ്വന്തം വിഴിഞ്ഞം

vizhinjam port kerala
avatar
സുനീഷ്‌ ജോ

Published on May 03, 2025, 02:45 AM | 2 min read


വിഴിഞ്ഞം : ലോക സമുദ്രവ്യാപാര ഭൂപടത്തിൽ കേരളത്തിന്റെ വിസിലടി മുഴക്കി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം (വിസിൽ) ഇനി നാടിന് സ്വന്തം. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ മൂന്നാം സഹസ്രാബ്‌ദത്തിലെ വികസന കുതിപ്പിന്റെ കവാടമായി കേരളം. വെള്ളി പകൽ 11.30ന്‌ ഉത്സവാന്തരീക്ഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖം നാടിന്‌ സമർപ്പിച്ചതോടെ ഇന്ത്യ സാർവദേശീയ സമുദ്ര വ്യാപാര ലോജിസ്റ്റിക്‌സ്‌ ശൃംഖലയിൽ കണ്ണിചേർന്നു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി.


സംസ്ഥാന സർക്കാരുമായി സഹകരിച്ച്‌ കേരളത്തെ ആഗോള മാരിടൈം ശൃംഖലയുടെ പ്രധാന കേന്ദ്രമാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.


നാടിന്റെ പുരോഗതിക്കുള്ള പദ്ധതികളിൽ രാഷ്‌ട്രീയം വേണ്ടെന്ന നിലപാടാണ്‌ സംസ്ഥാനം സ്വീകരിച്ചതെന്നും പല പ്രതിബന്ധങ്ങളേയും മറികടന്നാണ്‌ പദ്ധതി യാഥാർഥ്യമാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2015ൽ ഒരു കരാറുണ്ടായെങ്കിലും പല തലങ്ങളിലുള്ള വിമർശനങ്ങളുണ്ടായി. അവ നിലനിൽക്കുമ്പോഴും വിഴിഞ്ഞം നടപ്പാവുകയെന്നതിനാണ്‌ 2016ൽ വന്ന എൽഡിഎഫ്‌ സർക്കാർ മുഖ്യപരിഗണന നൽകിയതെന്നും അദ്ദേഹം പറഞ്ഞു.


രാജ്‌ഭവനിൽനിന്ന്‌ ഹെലികോപ്‌റ്ററിൽ രാവിലെ വിഴിഞ്ഞത്തെത്തിയ പ്രധാനമന്ത്രി, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ, അദാനി ഗ്രൂപ്പ്‌ ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർക്കൊപ്പം ബർത്തും യാർഡും നടന്നുകണ്ടു. എംഎസ്‌സിയുടെ കൂറ്റൻ മദർഷിപ് ബർത്തിലുണ്ടായിരുന്നു. പോർട്ട്‌ ഓപ്പറേറ്റിങ്‌ ബിൽഡിങ്ങിലെത്തി പ്രവർത്തനങ്ങളും മനസ്സിലാക്കി. കരൺ അദാനി, വിസിൽ എംഡി ദിവ്യ എസ്‌ അയ്യർ തുടങ്ങിയവർ കാര്യങ്ങൾ വിശദീകരിച്ചു. സംസ്ഥാന തുറമുഖ മന്ത്രി വി എൻ വാസവൻ സ്വാഗതം പറഞ്ഞു.


vizhinjam port



2028ൽ സമ്പൂർണ തുറമുഖം

ഇത്‌ സർക്കാരിന്റെ ഇച്ഛാശക്തിയും 
നിശ്‌ചയദാർഢ്യവും : മുഖ്യമന്ത്രി

വിസ്‌മൃതമാകുമായിരുന്ന വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ച്‌ വികസിപ്പിച്ച്‌ സാർവദേശീയ തുറമുഖമാക്കി മാറ്റിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അങ്ങനെ ഇതും നമ്മൾ നേടി. കേരളത്തിന്റെ ദീർഘകാലമായുള്ള സ്വപ്‌നസാക്ഷാത്‌കാരത്തിന്റെ അഭിമാനകരമായ നിമിഷമാണിത്‌–- വിഴിഞ്ഞം തുറമുഖം രാജ്യത്തിന്‌ സമർപ്പിക്കുന്ന ചടങ്ങിൽ ആധ്യക്ഷം വഹിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു.


ഇതു കേവലം തുറമുഖ കവാടം തുറക്കലല്ല. മൂന്നാം സഹസ്രാബ്‌ദത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ്. ഇന്ത്യയെ സാർവദേശീയ മാരിടൈം വ്യാപാര ലോജിസ്റ്റിക്‌സ് ഭൂപട ശൃംഖലയിൽ കണ്ണിചേർക്കുന്ന മഹാസംരംഭം. ആദ്യമായാണ് ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്റെ മുൻകൈയിൽ ബൃഹദ്‌ തുറമുഖം നിർമിക്കുന്നത്‌.


ചെലവിന്റെ ഏറിയ ഭാഗവും കേരളമാണ്‌ വഹിക്കുന്നത്. 8,686 കോടിയിൽ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോർട് കമ്പനിയും. 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണു കേന്ദ്രം നൽകുന്നത്‌. ഇക്കാലമത്രയും കണ്ടയ്‌നർ ട്രാൻസ്ഷിപ്മെന്റ് കാർഗോയുടെ 75 ശതമാനവും വിദേശ തുറമുഖങ്ങളിലേക്ക്‌ തിരിച്ചുവിടുകയായിരുന്നു. ഇത് അവസാനിക്കുകയാണ്. ഈ തുറമുഖത്തോടെ 220 ദശലക്ഷം ഡോളറിന്റെ പ്രതിവർഷ രാഷ്ട്രനഷ്ടം നികന്നുതുടങ്ങുന്നത്‌ കേരളീയർക്കാകെ അഭിമാനകരമാണ്.


കരാർ പ്രകാരം 2045ൽ മാത്രമേ ഇതു പൂർത്തിയാവേണ്ടതുള്ളു. നമ്മൾ അതിന്‌ കാത്തുനിന്നില്ല. 2024ൽ തന്നെ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. മദർഷിപ്പിനെ സ്വീകരിച്ചു. ഇതുവരെ 250ലേറെ കപ്പലുകൾ നങ്കൂരമിട്ടു. ഇപ്പോഴിതാ ഒന്നാംഘട്ടം പതിറ്റാണ്ട്‌ മുമ്പു പൂർത്തിയാക്കി കമീഷൻ ചെയ്യുന്നു. 2028ൽ സമ്പൂർണ തുറമുഖമാകും.


vizhinjam




deshabhimani section

Related News

View More
0 comments
Sort by

Home