ജനസാഗരം സാക്ഷിയായി സമർപ്പണം
നങ്കൂരമിട്ട് നവകേരളം; ഇനി ആഗോള വിഴിഞ്ഞം

തിരുവനന്തപുരം: കേരളത്തിന്റെ ദീർഘകാല സ്വപ്‌നം സഫലമായി. രാജ്യത്തെ ആദ്യ ആഴക്കടൽ ട്രാൻഷിപ്മെന്റ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. സ്വതന്ത്ര ഇന്ത്യയുടെ വികസന ചരിത്രത്തിലെ മറ്റൊരു അഭിമാന മുഹൂർത്തമായ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ്ങാണ് പൂർത്തിയായത്. സമർപ്പണത്തിന് ജനസാഗരം സാക്ഷിയായി.
മുഖ്യമന്ത്രി പിണറായി വിജയൻ, തുറമുഖമന്ത്രി വി എൻ വാസവൻ, മന്ത്രി ജി ആർ അനിൽ, മന്ത്രി സജി ചെയർമാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, എ എ റഹീം എംപി, ജോൺബ്രിട്ടാസ് എംപി, ശശി തരൂർ എംപി, ഗൗതം അദാനി, കരൺ അദാനി, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വിഴിഞ്ഞം സജ്ജമാകുന്നതോടെ കൊളംബോ തുറമുഖം കൈകാര്യംചെയ്‌ത നല്ലൊരുഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്‌മെന്റ് കാർഗോയും വിഴിഞ്ഞത്തെത്തും. ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്തിന് വർഷം 15 ലക്ഷം ടിഇയു കണ്ടെയ്‌നർ കൈകാര്യശേഷിയുണ്ട്. 2024 ജൂലൈ 11 മുതൽ ട്രയൽ റണ്ണും ഡിസംബർ മൂന്ന് മുതൽ കൊമേഴ്‌സ്യൽ ഓപ്പറേഷനും നടക്കുന്നു ഇതിനകം 283 കപ്പലുകളെത്തി. ആറ് ലക്ഷം കണ്ടെയ്‌നർ കൈകാര്യംചെയ്തു.
പദ്ധതി നടപ്പാക്കുന്നതിനിടെ പ്രകൃതിക്ഷോഭങ്ങളുണ്ടായി. നിർമാണ വസ്‌തുക്കളുടെ കുറവുമൂലം 3000 മീറ്റർ പുലിമുട്ടിന്റെ പുരോഗതി മന്ദഗതിയിലായിരുന്നു. 2017 ഡിസംബറിൽ ഓഖി ചുഴലിക്കാറ്റിൽ വലിയ നാശനഷ്ടം നേരിട്ടു. 2018ലെ പ്രളയം, അസാധാരണമായ ഉയർന്ന തിരമാല, 2019ലെ വെള്ളപ്പൊക്കം, മഹാ, ടൗട്ടെ ചുഴലിക്കാറ്റുകൾ, പ്രാദേശിക പ്രക്ഷോഭം, കോവിഡ് പ്രതിസന്ധി എന്നിവ മറികടന്നാണ് മറ്റിടങ്ങളിൽ നിന്നടക്കം പാറക്കല്ലുകൾ എത്തിച്ച് പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കിയത്.
2000 മീറ്റർ ബർത്ത്, ഒരേ സമയം 5 മദർഷിപ്പ്
2000 മീറ്റർ ബർത്തിൽ അഞ്ച് മദർഷിപ് ഒരേസമയം അടുപ്പിക്കാൻ കഴിയുന്ന സംവിധാനം. വിഴിഞ്ഞത്തിന്റെ രണ്ടുമുതൽ നാലുഘട്ടംവരെ പൂർത്തിയാകുമ്പോഴാണ് ഇത് സാധ്യമാകുക. ഒറ്റഘട്ടമായുള്ള നിർമാണത്തിന്റെ ഉദ്‌ഘാടനമാണ് ഇന്ന് നടക്കുന്നത്. 2028ൽ പൂർത്തിയാകും. നേരത്തെ നിശ്‌ചയിച്ചതിനും 17 വർഷം മുമ്പാണ് ഈ നേട്ടം. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡാണ് ഇതിന് ആവശ്യമായ 9560 കോടി രൂപമുടക്കുക.
രണ്ടാംഘട്ടത്തിൽ 1200 മീറ്റർ ബർത്ത്, 920 മീറ്റർ പുലിമുട്ട് എന്നിവയാണ് നിർമിക്കുന്നത്. കൂടാതെ കണ്ടെയ്‌നർ സൂക്ഷിക്കുന്നതിനുള്ള യാർഡുകളും നിർമിക്കും. പുതുതായി നിർമിക്കുന്ന ബർത്തിന്റെ ഓരോ 100 മീറ്ററും ഒരു ഷിപ്പ് ടു ഷോർ ക്രെയിൻ സ്ഥാപിക്കും. അങ്ങനെ 1200 മീറ്ററിൽ 12 ഷിപ്പ് ടു ഷോർ ക്രെയിൻ ആവശ്യമായി വരും. കണ്ടെയ്‌നർ നീക്കത്തിന് 36 യാർഡ് ക്രെയിനും സ്ഥാപിക്കും. ഒന്നാംഘട്ടത്തിൽ 24 യാർഡ് ക്രെയിനുകളും എട്ട് ഷിപ്പ് ടു ഷോർ ക്രെയിനുമാണ് സ്ഥാപിച്ചിട്ടുണ്ട്. രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ പുലിമുട്ടിന്റെ നീളം 3880 മീറ്ററാകും. കണ്ടെയ്‌നർ കൈകാര്യശേഷി പ്രതിവർഷം 45 ലക്ഷം ടിഇയു ആകും.
1220 മീറ്റർ നീളമുള്ള മൾട്ടിപർപ്പസ് ബർത്ത്, 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്ത് (പുലിമുട്ടിനോടനുബന്ധിച്ച്), ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനം എന്നിവയുംഈഘട്ടത്തിൽ നടക്കും. യാർഡ് നിർമാണത്തിനും മറ്റ് സൗകര്യം ഒരുക്കുന്നതിനുമായി കടൽ നികത്തിയുണ്ടാക്കുന്നത് 77.17 ഹെക്ടർ ഭൂമിയാണ്. സ്വകാര്യഭൂമി ഏറ്റെടുക്കില്ല. 2035 മുതൽ വരുമാനത്തിൽനിന്നുള്ള വിഹിതം സംസ്ഥാനസർക്കാരിന് ലഭിച്ചുതുടങ്ങും. ഇതിൽനിന്ന് 20 ശതമാനം വിജിഎഫ് നൽകിയ വകയിൽ കേന്ദ്രസർക്കാരിന് നൽകണം.









0 comments