ഉയരും ട്രിവാൻഡ്രം ഹബ്ബ് ; 3 ലക്ഷം തൊഴിൽ

തിരുവനന്തപുരം : വിഴിഞ്ഞത്തിനൊപ്പം സർക്കാർ നടപ്പാക്കുന്ന വമ്പൻ പദ്ധതിയാണ് വിഴിഞ്ഞം നാവായിക്കുളം വളർച്ചാ ഇടനാഴി (ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ) . വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള ഔട്ടർ റിങ് റോഡിന്റെ നിർമാണത്തിനൊപ്പം ഇടനാഴിയുടെ പ്രാരംഭ പ്രവർത്തനവും ആരംഭിക്കും. ചൈനയിലെ ഷെൻസെങ് മാതൃകയിലാണ് ഇത് വിഭാവനം ചെയ്തത്. വിഴിഞ്ഞത്ത് ലോജിസ്റ്റിക് ടൗൺഷിപ്പും കോവളത്ത് ഹെൽത്ത് ടൂറിസം ഹബ്ബും കാട്ടാക്കട ഗ്രീൻ ആൻഡ് സ്മാർട്ട് ഇൻഡസ്ട്രി ഹബ്ബും കിളിമാനൂരിലും കല്ലമ്പലത്തും അഗ്രോ ആൻഡ് ഫുഡ് പ്രോസസിങ് ഹബ്ബും ഉൾപ്പെടെ നഗരഗ്രാമ ഭേദമില്ലാതെ വമ്പൻടൗൺഷിപ്പായി ഇതോടെ തലസ്ഥാനം മാറും. വ്യവസായ പാർക്ക്, ടൗൺഷിപ്പ് എന്നിവയ്ക്ക് സ്ഥലം വിട്ടുനൽകുന്നവരെ പങ്കാളികളാക്കുന്ന ലാൻഡ് പൂളിങ് സംവിധാനമാണ് നടപ്പാക്കുന്നത്. 63 കിലോമീറ്ററിലെ ഔട്ടർ റിങ് റോഡിന് വശങ്ങളിൽ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലാണ് ഹബ്ബ് ഉയരുക.
മൂന്ന് ലക്ഷംപേർക്ക് തൊഴിലും ലഭിക്കും. വ്യവസായ–തദ്ദേശവകുപ്പുകളുടെ പിന്തുണയോടെ ക്യാപ്പിറ്റൽ റീജിയൻ ഡെവലപ്മെന്റ് പ്രോജക്ട്–2 (സിആർഡിപി 2) ന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഭൂമി ഏറ്റെടുക്കലിന് കിഫ്ബി വഴി 1000 കോടി അനുവദിച്ചു. 5000 കോടിയാണ് ഭൂമിയേറ്റെടുക്കലിന് വേണ്ടത്. ഭൂമി, ഉടമകളുടെ സമ്മതത്തോടെ വികസനാവശ്യത്തിന് വിജ്ഞാപനം ചെയ്യുന്ന ‘ലാൻഡ് പൂളിങ്’ രീതിയാണ് നടപ്പാക്കുന്നത്.സർക്കാർ, സ്വകാര്യ പങ്കാളിത്തവുമുണ്ടാകും.
ഔട്ടർ റിങ് റോഡിന് തടസ്സം നീങ്ങുന്നു
വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിങ് റോഡ് നിർമാണത്തിനുള്ള കേന്ദ്ര സർക്കാർ തടസ്സം നീങ്ങുന്നു. കഴിഞ്ഞവർഷം പ്രാഥമിക വിജ്ഞാപനം (3 എ) പ്രസിദ്ധീകരിച്ചെങ്കിലും സംസ്ഥാനവിഹിതം സംബന്ധിച്ച് കേന്ദ്രസർക്കാർ നിർബന്ധം പിടിച്ചതോടെയാണ് വൈകിയത്. സ്ഥലം ഏറ്റെടുക്കുമ്പോൾ കെട്ടിടത്തിന്റെ കാലപ്പഴക്കം അനുസരിച്ചേ പണം നൽകാനാകൂ എന്നാണ് കേന്ദ്രം പറയുന്നത്. ഒപ്പം നിർമാണ സാമഗ്രികളുടെ ജിഎസ്ടിയിലെ സംസ്ഥാന വിഹിതം ഒഴിവാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഇതിലെ 1629.24 കോടി രൂപയുടെ അധിക ബാധ്യത സംസ്ഥാനം ഏറ്റെടുത്തു. ഭൂമി ഏറ്റെടുക്കലിന്റെ അമ്പത് ശതമാനം തുകയും സംസ്ഥാനമാണ് നൽകുന്നത്. കേന്ദ്രത്തിന്റെ തുടർ നടപടികൾ വൈകിയതിനാൽ ഭൂമി വിട്ടുനൽകിയവർ ദുരിതത്തിലാണ്.









0 comments