വിസ്മയ മോഹൻലാലും സിനിമയിൽ; തുടക്കം ‘തുടക്ക’ത്തിൽ

കൊച്ചി
നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക്. ആശീർവാദ് സിനിമാസ് നിർമിക്കുന്ന ‘തുടക്കം’ സിനിമയിലാണ് വിസ്മയ നായികയാകുന്നത്. മകൻ പ്രണവിനുപിന്നാലെ മകൾ വിസ്‌മയയുടെ സിനിമാപ്രവേശം വെളിപ്പെടുത്തി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ ഫെയ്‌സ്‌ബുക് പേജിൽ അവതരിപ്പിച്ചു.
‘പ്രിയപ്പെട്ട മായക്കുട്ടി, നിന്റെ ‘തുടക്കം’ സിനിമയുമായുള്ള ആയുഷ്‌കാല പ്രണയത്തിന്റെ ആദ്യപടിയാകട്ടെ’ എന്ന വാക്കുകളോടെയാണ് മോഹൻലാൽ പോസ്റ്റർ ഫെയ്‌സ്‌ബുക് പേജിലിട്ടത്. സിനിമാപ്രവർത്തകരും ആയിരക്കണക്കിന് മോഹൻലാൽ ആരാധകരും മണിക്കൂറുകൾക്കകം പോസ്റ്റർ പങ്കിട്ടും അഭിപ്രായം എഴുതിയും ആശംസ നേർന്നു.
‘മായക്കുട്ടിക്ക് എല്ലാ പ്രാർഥനകളും’ എന്ന കുറിപ്പോടെ കുഞ്ഞായിരുന്ന വിസ്‌മയയെ എടുത്തുനിൽക്കുന്ന ചിത്രത്തോടെ ‘തുടക്ക’ത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരും പോസ്റ്റിട്ടു. ചിത്രത്തിലെ നായകൻ ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ആശീർവാദ് സിനിമാസിന്റെ 37–-ാമത് സിനിമയാണ് തുടക്കം. ‘2018’ എന്ന സിനിമയ്‌ക്കുശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട്. എഴുത്തുകാരികൂടിയായ വിസ്മയ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്' എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിത്രകാരിയുമാണ്. തായ് ആയോധനകലയും അഭ്യസിച്ചിട്ടുള്ള വിസ്‌മയ, ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.









0 comments