print edition വിഷൻ 2031: ഉന്നതവിദ്യാഭ്യാസ വ്യവസ്ഥ സ്ഥാപിക്കൽ ലക്ഷ്യം

r bindu

ഉന്നത വിദ്യാഭ്യാസ വകുപ്പ് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ -‘വിഷൻ- 2031’ൽ മന്ത്രി ആർ ബിന്ദു സമീപനരേഖ അവതരിപ്പിക്കുന്നു

avatar
മുഹമ്മദ്‌ ഹാഷിം

Published on Oct 19, 2025, 12:01 AM | 2 min read

കോട്ടയം: വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് ലോകം മാറുമ്പോൾ കേരളത്തിന്റെ ഭാവിക്ക് അനുയോജ്യമായ ഉന്നതവിദ്യാഭ്യാസ വ്യവസ്ഥ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ഉന്നതവിദ്യഭ്യാസ സംസ്ഥാന സെമിനാറിലെ സമീപനരേഖ. ഉന്നതവിദ്യാഭ്യാസ മേഖലയിൽ 2031ൽ വരേണ്ട മാറ്റങ്ങളിൽ ആശയസമാഹരണത്തിനായാണ്‌ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സെമിനാർ സംഘടിപ്പിച്ചത്‌. ഉന്നതവിദ്യാഭ്യാസം കേവലം വ്യക്തിഗത ശാക്തീകരണത്തിനുള്ള ഒരു ഉപകരണമല്ല. സാമൂഹിക പരിവർത്തനത്തിന്റെ ഒരു മൂലക്കല്ലാണ്. ഇത് കേരളത്തെ ഒരു ചലനാത്മക വിജ്ഞാന സമ്പദ്‌വ്യവസ്ഥയായും പഠനത്തിനും ഗവേഷണത്തിനും നവീകരണത്തിനുമുള്ള ആഗോള കേന്ദ്രമായും പരിണമിക്കാൻ പ്രാപ്തമാക്കും. സർവകലാശാലാ പരിഷ്‌കരണം– ഭരണം, സാങ്കേതികവിദ്യ– ഭാവിപഠനം, പാഠ്യപദ്ധതി– ബോധന രീതി–അധ്യാപക പരിശീലനം, ഗവേഷണം– നവീകരണം– വിജ്ഞാന ഉൽപാദനം, തൊഴിലധിഷ്ഠിതവും നൈപുണ്യപരവുമായ വിദ്യാഭ്യാസം, കേരളത്തിലെ ആഗോളവൽക്കരണവും പഠനവും, സാമൂഹിക ഇടപെടലും മൂല്യങ്ങളും, ഗുണനിലവാര ഉറപ്പും അടിസ്ഥാനസൗകര്യ മികവും എന്നീ എട്ട് പ്രധാന വിഷയമേഖലകളായി തരംതിരിച്ചാണ്‌ ഭാവികാഴ്‌ചപ്പാടുകൾ രൂപീകരിക്കുന്നത്‌.


​മന്ത്രി ആർ ബിന്ദു സമീപനരേഖ അവതരിപ്പിച്ചു. മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ ഒന്പത്‌ വർഷം സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അവതരിപ്പിച്ചു. മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സി ടി അരവിന്ദകുമാർ സ്വാഗതവും കോളജ് വിദ്യാഭ്യാസ ഡയറക്ടർ കെ സുധീർ നന്ദിയും പറഞ്ഞു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, മലയാളം സർവകലാശാല വൈസ് ചാൻസലർ സി ആർ പ്രസാദ്, കൊച്ചി സർവകലാശാല വൈസ് ചാൻസലർ ഡോ. ജുനൈദ് എം ബുഷ്റി, കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ കെ ശിവപ്രസാദ്, ശ്രീനാരായണ ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ജഗതി രാജ്, കലക്ടർ ചേതൻകുമാർ മീണ, ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ പി ജയപ്രകാശ്, മുംബൈ ഐഐടി എമ്റ്റിറ്റസ് പ്രൊഫസർ എൻ വി വർഗീസ്, സർവകലാശാല മുൻ വൈസ് ചാൻസലർമാരായ പ്രൊഫ. സജി ഗോപിനാഥ്, ഗോപിനാഥ് രവീന്ദ്രൻ, പ്രൊഫ. ഗംഗൻ പ്രതാപ്, പ്രൊഫ. എം വി നാരായണൻ, പ്രൊഫ. പി ജി ശങ്കരൻ, പ്രൊഫ. എം എസ് രാജശ്രീ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ- മെന്പർ സെക്രട്ടറി പ്രൊഫ. രാജൻ വർഗീസ് എന്നിവർ പങ്കെടുത്തു.


കേരളം ലോക വിദ്യാഭ്യാസ ഹബ്ബാകും: മന്ത്രി ആർ ബിന്ദു


കോട്ടയം: കേരളം 2031 ഓടെ ലോക വിദ്യാഭ്യാസ ഹബ്ബാകുമെന്ന്‌ മന്ത്രി ആർ ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ 2031ൽ വരേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ആശയ സമാഹരണത്തിനായി വകുപ്പ് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന സെമിനാറിൽ സമീപനരേഖ അവതരിപ്പിക്കുകയായിരുന്നു മന്ത്രി. വിപുലമായ അടിസ്ഥാന സൗകര്യങ്ങളും വ്യവസായ ബന്ധങ്ങളും സംയോജിപ്പിച്ച് 2031 ഓടെ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ സ്ഥാപിക്കും. ആഗോള വാണിജ്യം, മാരിടൈം സ്റ്റഡീസ്, ഫിൻടെക്, ആഗോള വ്യാപാരം, തുറമുഖ മാനേജ്‌മെന്റ്‌, ബിസിനസ് അനലിറ്റിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയ്ക്ക് പ്രാധാന്യമുള്ള ഉന്നതവിദ്യാഭ്യാസ ഹബ്ബാണ് കൊച്ചിയിൽ വിഭാവനം ചെയ്യുന്നത്. തിരുവനന്തപുരം കേന്ദ്രമായി ശാസ്ത്രം, സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം, സൈബർ സുരക്ഷ, ബയോമെഡിക്കൽ എൻജിനിയറിങ്‌, പൊതുനയം, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവയുടെ ഹബ്ബ് സ്ഥാപിക്കും.


പ്രധാന നഗരങ്ങളിൽ നിലവിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗുണനിലവാരം, തൊഴിൽക്ഷമത, ലോകോത്തര ഗവേഷണം എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ആഗോള മത്സരക്ഷമതയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളായി പരിവർത്തനം ചെയ്യും. കേരളം മുന്നോട്ടുവയ്ക്കുന്ന ജനകേന്ദ്രീകൃതമായ വൈജ്ഞാനിക സമൂഹമെന്ന ആശയം തിളക്കമാർന്ന കേരള മാതൃകയുടെ രണ്ടാം അധ്യായമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home