കായിക സെമിനാർ
print edition ലക്ഷ്യം സമഗ്ര കായിക വികസനം : വി അബ്ദുറഹ്മാൻ

മലപ്പുറം
കേരളത്തിന്റെ കായിക സാധ്യതകൾ പുതിയകാല സങ്കേതങ്ങൾ പ്രയോജനപ്പെടുത്തി മികവിലേക്ക് ഉയർത്താനുള്ള സംവാദങ്ങളുമായി വിഷൻ 2031 കായിക സെമിനാർ. രാജ്യത്തിന്റെ കായിക കുതിപ്പിനായി ഒറ്റക്കെട്ടായി ശ്രമിക്കാമെന്ന സന്ദേശമാണ് സെമിനാർ നൽകിയത്. 2036 ഒളിന്പിക്‌സിൽ രാജ്യത്തിനായി മെഡൽ നേടുന്ന പത്തിലധികം താരങ്ങളെ സൃഷ്‌ടിക്കാൻ കഴിയുന്ന തരത്തിൽ കേരളത്തിന്റെ കായികരംഗം മാറ്റിയെടുക്കണമെന്ന ആശയമാണ് ‘നവകായിക കേരളം– മികവിന്റെ പുതുട്രാക്കിൽ’ സെമിനാറിൽ രൂപപ്പെട്ടത്. വിഷൻ 2031 നയരേഖ അവതരിപ്പിച്ച് മന്ത്രി വി അബ്ദുറഹ്മാൻ സെമിനാർ ഉദ്‌ഘാടനംചെയ്‌തു.
കേരളത്തിന്റെ സമഗ്ര കായിക വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. മുഴുവൻ ജനങ്ങളെയും കളിയിലേക്കും കളിക്കളങ്ങളിലേക്കും ആകർഷിക്കും. വലിയതോതിൽ തൊഴിൽ നൽകുന്ന ഒന്നായി കായികമേഖലയെ മാറ്റും. കായികതാരങ്ങളുടെ കരിയർ സാധ്യത വർധിപ്പിക്കും. 22 സിന്തറ്റിക് ട്രാക്കുകളും ചെറുതും വലുതുമായ 385 സ്റ്റേഡിയങ്ങളും കളിക്കളങ്ങളും ഒന്പത് വർഷംകൊണ്ട് ഒരുക്കാൻ കഴിഞ്ഞുവെന്ന കാര്യവും മന്ത്രി ഓർമിപ്പിച്ചു.
രാജ്യത്തെ ഒന്നാമത്തെ കായിക ശക്തിയായി കേരളത്തെ വളർത്തിയെടുക്കുകയെന്ന ആശയവും മുഴുവൻ ജനങ്ങളിലും കായിക സംസ്‌കാരം സൃഷ്‌ടിക്കുന്നതിന് ഉതകുന്ന ചർച്ചകളും നിർദേശങ്ങളും അഭിപ്രായങ്ങളും ആറ് വിഷയങ്ങളിലായി നടന്ന സെമിനാറിൽ ഉയർന്നു. സെമിനാർ സായി റീജണൽ ഡയറക്ടർ ജി കിഷോർ ക്രോഡീകരിച്ചു.
ഉദ്‌ഘാടന ചടങ്ങിൽ കലക്ടർ വി ആർ വിനോദ് അധ്യക്ഷനായി. കായിക കേരളം പദ്ധതി പ്രഖ്യാപനവും മന്ത്രി വി അബ്ദുറഹ്മാൻ നടത്തി. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, വൈസ് പ്രസിഡന്റ് എം ആർ രഞ്‌ജിത്, ആസൂത്രണ ബോര്‍ഡ് സാമൂഹ്യസേവന വിഭാഗം മേധാവി ഡോ. ബിന്ദു പി വര്‍ഗീസ് എന്നിവർ സംസാരിച്ചു.








0 comments