സർക്കാർ ഇടപെടൽ ഫലംകണ്ടു ; അല്ലലില്ലാതെ വിഷു ആഘോഷിച്ച് മലയാളികൾ

തിരുവനന്തപുരം : ക്ഷേമപെൻഷൻ സമയബന്ധിതമായി വിതരണം ചെയ്യാനും വിപണി ഇടപെടൽ ശക്തമാക്കിയുള്ള സർക്കാർ നടപടി വിജയം കണ്ടതോടെ അല്ലലില്ലാതെ വിഷു ആഘോഷിച്ച് മലയാളികൾ. 62 ലക്ഷം പേരുടെ കൈകളിൽ 1600 രൂപ വീതമാണ് വിഷുവിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ക്ഷേമ പെൻഷനായി എത്തിയത്. 820 കോടി രൂപയാണ് സർക്കാൻ ഇതിനായി അനുവദിച്ചത്.
കർഷകത്തൊഴിലാളികൾക്ക് അധിവർഷാനുകൂല്യം നൽകാൻ 30 കോടിയും സർക്കാർ അനുവദിച്ചിരുന്നു. സ്‌കൂൾ പാചകത്തൊഴിലാളികൾക്ക് ഫെബ്രുവരിയിലെ വേതന വിതരണത്തിനായി 14.29 കോടിയും മാർച്ച് അവസാനം സർക്കാർ അനുവദിച്ചു. 13,560 പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. കെഎസ്‌ആർടിസി ജീവനക്കാർക്ക് നാലു വർഷത്തിനു ശേഷം ആദ്യമായി ഒന്നാം തീയതിതന്നെ ശമ്പളം വിതരണം ചെയ്യാനും ഇത്തവണ സാധിച്ചു. കെഎസ്‌ആർടിസിയിലെ പെൻഷൻ വിതരണത്തിനടക്കം 102 കോടി രൂപയും അനുവദിച്ചിരുന്നു. ശക്തമായ വിപണി ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചുനിർത്താനുമായി. 1600ൽ അധികം വരുന്ന സപ്ലൈകോ ശൃംഖലകളിലും കൺസ്യൂമർഫെഡിന് കീഴിലുള്ള 170 ത്രിവേണി മാർക്കറ്റുകളിലും ആവശ്യമായ സാധനങ്ങൾ സ്‌റ്റോക്ക് ചെയ്‌ത് പരാതിക്കിട നൽകാതെ വിതരണം പൂർത്തിയാക്കാനായി. ഞായറാഴ്‌ചയും ചന്തകൾ പ്രവർത്തിച്ചു.
സപ്ലൈകോയും അഞ്ചിന സാധനങ്ങളുടെ വിലയും കുറച്ചിരുന്നു. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ സബ്സിഡി ഇനങ്ങളുടെ വിലയാണ് കുറച്ചത്. നാലു മുതൽ 10 രൂപ വരെയാണ് കിലോഗ്രാമിന് ഈ ഇനങ്ങൾക്ക് കുറഞ്ഞത്. സഹകരണചന്തയിലും വില പുനക്രമീച്ചു. മുൻഗണന, മുൻഗണേതര കാർഡുകൾ എന്ന വേർതിരിവില്ലാതെയിരുന്നു 13 ഇന സബ്‌സിഡി സാധനങ്ങളുടെ വിതരണം. പൊതുവിപണിയുടെ താരതമ്യം ചെയ്യുമ്പോൾ 40 ശതമാനമായിരുന്നു വിലക്കുറവ്. മറ്റുള്ളവയ്‌ക്ക് 10 മുതൽ 35 ശതമാനംവരെ വിലക്കുറവുണ്ടായിരുന്നു.









0 comments