വൈറൽ അണുബാധയെ സൂക്ഷിക്കണം; അർബുദം മടങ്ങിവരാൻ സാധ്യത

ആർ ഹേമലത
Published on Aug 11, 2025, 12:29 AM | 1 min read
കൊച്ചി
ഇൻഫ്ലുവൻസ, കോവിഡ് പോലുള്ള വൈറൽ അണുബാധകൾ അർബുദം തിരിച്ചുവരാൻ കാരണമാകുമെന്ന് പഠനം. സ്‌തനാർബുദമുള്ള എലികളിൽ നടത്തിയ പഠനത്തിന്റെ വിശദാംശമാണ് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചു. എലികളിലെ പഠനത്തെ തുടർന്ന് യുകെ ബയോബാങ്കിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും പഠനം നടന്നു. ഇൻഫ്ലുവൻസ വൈറസ് അണുബാധയ്ക്ക് സ്തനാർബുദമുള്ള എലികളുടെ ശ്വാസകോശത്തിലെ നിർജീവമായ ക്യാൻസർ കോശങ്ങളെ വീണ്ടും സജീവമാക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ശ്വാസകോശം, അസ്ഥി മജ്ജ തുടങ്ങിയ അവയവങ്ങളിലുള്ള നിർജീവമായ ക്യാൻസർ കോശങ്ങളെ ഉണർത്താനും അവ പെരുകാനും ഇത് കാരണമാകും.
കോവിഡ് പോലുള്ള ശ്വസന വൈറൽ അണുബാധകൾക്ക് വിധേയരായ മനുഷ്യരിലും സമാനസാധ്യത പരിശോധിച്ചു. 2015നുമുമ്പ് കാൻസർ അതിജീവിച്ച് സാധാരണജീവിതം നയിക്കുന്നവരിൽ കോവിഡ് പോസിറ്റീവായവരുടെ ഫലം താരതമ്യംചെയ്തു. ഇതിൽനിന്ന് അർബുദവുമായി ബന്ധപ്പെട്ട മരണനിരക്ക് കോവിഡ് ഇരട്ടിയാക്കിയെന്ന് കണ്ടെത്തി. അണുബാധയ്ക്കുശേഷമുള്ള ആദ്യവർഷത്തിൽ അപകടസാധ്യത കൂടുതലായിരുന്നു. എന്നാൽ, വാക്സിനുകൾ വന്നതോടെ അപകടസാധ്യത കുറഞ്ഞു എന്നും കണ്ടെത്തി.
കോവിഡ് ബാധിച്ചവരിൽ സ്തനാർബുദത്തിന്റെ മുൻ ചരിത്രമുള്ളവർക്ക് രോഗബാധയില്ലാത്തവരേക്കാൾ 40 ശതമാനം കൂടുതൽ ആവർത്തനസാധ്യതയുണ്ട്. ഗവേഷണത്തിലെ കണ്ടെത്തലിൽ ഭയക്കേണ്ടതില്ലെങ്കിലും തുടർപഠനങ്ങൾക്ക് വഴിതുറക്കുന്നതാണിതെന്നും കൊച്ചി ഐഎംഎ മുൻ പ്രസിഡന്റും പ്രമുഖ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റുമായ ഡോ. രാജീവ് ജയദേവൻ പറഞ്ഞു.









0 comments