വിപഞ്ചിക നേരിട്ടത് ക്രൂരപീഡനമെന്ന് കുടുംബം; കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യം

കൊല്ലം : കൊല്ലം സ്വദേശിനിയും ഒന്നരവയസ്സുള്ള മകളും ഷാർജയിൽ മരിച്ച സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഭർത്താവ് കേരളപുരം സ്വദേശി നിതീഷും കുടുംബാംഗങ്ങളും ചേർന്ന് വിപഞ്ചികയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് വിപഞ്ചികയുടെ അമ്മ ആരോപിച്ചു. സ്വർണത്തിനും പണത്തിനും വേണ്ടിയായിരുന്നു ഉപദ്രവം. നിതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നും തന്നോട് ഒന്നും പറഞ്ഞിരുന്നില്ലെന്നും വിപഞ്ചികയുടെ അമ്മ പറഞ്ഞു. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകണമെന്നും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പും ശബ്ദ സന്ദേശങ്ങളും അടക്കമുള്ള തെളിവുകൾ സമർപ്പിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നുമാണ് കുടുംബം പറയുന്നത്. വിപഞ്ചികയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മകൾ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും കുടുംബം പറഞ്ഞു.
ചൊവ്വ രാത്രിയാണ് വിപഞ്ചികയെയും ഒന്നരവയസുകാരിയായ മകൾ വൈഭവിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കയറിന്റെ രണ്ടറ്റത്തുമായി കുരുക്കിട്ട് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലിചെയ്യുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനിയറായ നിതീഷും കുറച്ചുകാലമായി അകന്നുകഴിയുകയായിരുന്നു.
മരണത്തിനു മുമ്പുള്ള ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീൽ നോട്ടീസ് ലഭിച്ചിരുന്നതായി പറയുന്നു. ഇതേത്തുടർന്ന് യുവതി മകളെ കൊലപ്പെടുത്തി തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. നിലവിൽ ഷാർജ അൽ ഖാസിമി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹങ്ങൾ.









0 comments