വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം: ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസ്

vipanchika death case kundara police
വെബ് ഡെസ്ക്

Published on Jul 14, 2025, 11:28 AM | 1 min read

കുണ്ടറ: ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെയും ഒന്നരവയസുകാരി മകളുടെയും മരണത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്തു. ഭര്‍ത്താവ് നിധീഷ്, സഹോദരി നീതു ബെനി, ഭര്‍തൃപിതാവ് എന്നിവരുടെ പേരിലാണ് കേസ്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. വിപഞ്ചികയുടെ അമ്മ ശൈലജ നൽകിയ പരാതിയിലാണ് കുണ്ടറ പൊലീസ് കേസെടുത്തിട്ടുള്ളത്.


വിപഞ്ചികയെ സ്ത്രീധനത്തെച്ചൊല്ലി ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. നിധീഷ് ഒന്നാം പ്രതിയും നീതു രണ്ടാം പ്രതിയും ഇവരുടെ അച്ഛൻ മൂന്നാം പ്രതിയുമാണ്. മൂന്ന് പേരും ഷാര്‍ജയിലായതിനാല്‍ നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.


ഭർത്താവ് നിധീഷ് വിപഞ്ചികയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് മാനസ്സികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. മറ്റൊരു സ്ത്രീയുമായി നിധീഷ് പുലർത്തിവന്ന ബന്ധത്തെക്കുറിച്ച് ചോദിച്ചതിനെത്തുടർന്നും ഉപദ്രവിച്ചു. നിധീഷും സഹോദരി നീതുവും അച്ഛൻ മോഹനനും ചേർന്നാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് ശൈലജ പറഞ്ഞു. ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വിപഞ്ചികയുടെ ശരീരത്തിലുള്ള മുറിവുകളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ പീഡനത്തിന് സാധൂകരണമായി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും വിപഞ്ചികയുടെ അമ്മ ശൈലജ പരാതി നൽകിയിട്ടുണ്ട്.


ഷാർജ പൊലീസ് ഫോറൻസിക് വിഭാഗം നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി തൊട്ടിലിന്റെ കയറിൽ കെട്ടിത്തൂക്കിയശേഷം വിപഞ്ചിക തൂങ്ങി മരിക്കുകയായിരുന്നെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് വേലക്കാരി മടങ്ങിപ്പോയശേഷമാകാം മരണം നടന്നിട്ടുള്ളത്. അടുത്തദിവസം രാവിലെയെത്തി വിളിച്ചപ്പോൾ പ്രതികരണമില്ലാതിരുന്നതിനെത്തുടർന്ന് ഭർത്താവ് നിധീഷിനെ വിവരമറിയിക്കുകയായിരുന്നു. ഇയാളെത്തി കതക് ബലംപ്രയോഗിച്ച് തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.





deshabhimani section

Related News

View More
0 comments
Sort by

Home