ദിസ് ഇൗസ് പ്രൊഫഷണലെന്ന് വില്ലേജ് ബോട്ട് ക്ലബ്; സിംഹാസനം നിലനിർത്തി ജലരാജാക്കന്മാർ

ആലപ്പുഴ: പുന്നമടയിൽ വെട്ടിപ്പിടിച്ച ജലരാജാക്കന്മാരുടെ സിംഹാസനം നിലനിർത്തി വില്ലേജ് ബോട്ട് ക്ലബ്. പ്രതീക്ഷയുടെ അമിതഭാരവുമായി എത്തിയ പള്ളാത്തുരുത്തി രണ്ട് തുഴപ്പാടകലെ പരാജയപ്പെട്ട് മടങ്ങി. മൂന്ന് മിനിറ്റ് 33 സെക്കന്റ് 33മൈക്രാ സെക്കന്റിലാണ് വില്ലേജിന്റെ വിജയം.
കഴിഞ്ഞ 30ന് പുന്നമട കണ്ട ആവേശപ്പോരിന്റെ തുടർച്ചയായിരുന്നു കൈനകരിയിലെ നെട്ടായവും സാക്ഷികളായത്. പുന്നമടയുടെ രാജാക്കളായ വില്ലേജ് ബോട്ട് ക്ലബ് കൈനകരിയുടെ സ്വന്തം നെട്ടായത്തിലാണ് മത്സരമെന്നത് ആവേശം ഇരട്ടിയാക്കി.1989–ൽ തങ്ങളുടെ നെഹ്‌റുട്രോഫി ഹാട്രിക് സ്വപ്നങ്ങൾ തട്ടിത്തെറിപ്പിച്ച പള്ളാത്തുരുത്തിയുടെ ഡബിൾ ഹാട്രിക് പുന്നമടയുടെ ആഴത്തിലാഴ്‌ത്തി നേടിയ വിജയം തെല്ലൊന്നുമല്ല വള്ളംകളിയുടെ ജന്മനാടിനെ ത്രസിപ്പിച്ചത്. കാത്തിരിപ്പിന്റെ 38 വർഷങ്ങൾക്ക് ശേഷമായിരുന്നു ആ കിരീടധാരണം. അതേ വിജയാവേശം സ്വന്തം തട്ടകത്തിലും ആവർത്തിച്ച് സിബിഎൽ സീസൺ വിജയത്തോടെ തുടക്കമിടാനായിരുന്നു കഴിഞ്ഞ സീസണിൽ ഒരു പോയിന്റിന് കിരീടം കൈവിട്ട വിബിസി ലക്ഷ്യമിട്ടത്.
പുന്നമടയിൽ വമ്പന്മാരെ വിറപ്പിച്ച പോരാട്ടവീര്യവുമായി പുന്നമട ബോട്ട് ക്ലബും നിരണം ബോട്ട് ക്ലബും ഇമ്മാനുവൽ ബോട്ട് ക്ലബും കുമരകം ടൗൺ ബോട്ട് ക്ലബും തെക്കേക്കര ബോട്ട് ക്ലബുമെല്ലാം അണിനിരന്നതും കൗതുകമായി. നെഹ്‌റുട്രോഫിയിൽനിന്ന് വിഭിന്നമായി പ്രൊഫഷണൽ താരങ്ങളുടെ എണ്ണത്തിലുണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കിയതും പനത്തുഴ മാത്രമെന്ന നിബന്ധന ഒഴിവാക്കിയതും മത്സരം കടുപ്പിക്കുമെന്ന നീരീക്ഷണം മുൻപ് വള്ളംകളി പണ്ഡിറ്റുകൾ പങ്കുവെച്ചിരുന്നു.
കാഴ്‌ചക്കാരായി യുബിസി
കൂടുതൽ നെഹ്‌റുട്രോഫികൾ, നെഹ്‌റുട്രോഫിയോളംതന്നെ പാരമ്പര്യം. കൂടുതൽ ആരാധകരുള്ള, ലോകത്തെ തുഴയാൻ പഠിപ്പിച്ചവരെന്ന ഖ്യാതി– യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരിക്ക് ഇതെല്ലാം സ്വന്തം. എന്നിട്ടും സ്വന്തം നെട്ടായത്തിൽ ആദ്യമായി കാഴ്‌ചക്കാരാകേണ്ടി വരുന്നതിന്റെ വേദനയിലായിരുന്നു യുബിസി. പിബിസിയും വിബിസിയും നിരണവുമെല്ലാം പമ്പയാറിന്റെ ഹൃദയത്തുടിപ്പിൽ തുഴഞ്ഞുകയറുമ്പോൾ നെഞ്ചുലയ്‌ക്കുന്ന നോവുമായി യുബിസിക്കാർ കാണികളായി. നെഹ്‌റുട്രോഫിയിൽ മികച്ച സമയത്തിൽ അഞ്ചാം സ്ഥാനക്കാരായിട്ടും ലൂസേഴ്സ് ഫൈനലിൽ മത്സരിക്കാതിരുന്നതാണ് യുബിസി കൈനകരിക്കും തലവടി ചുണ്ടനും അയോഗ്യത സമ്മാനിച്ചത്. ഹീറ്റ്‌സിലെ മികച്ച സമയക്കാരുടെയും ഫൈനലുകളിലെ ആദ്യ ഒമ്പതുസ്ഥാനക്കാരുടെയും പട്ടിക എൻടിബിആർ സൊസൈറ്റി വിനോദസഞ്ചാര വകുപ്പിന് കൈമാറിയിരുന്നു. ഇതിൽനിന്ന് ആദ്യ ഒമ്പതുസ്ഥാനക്കാരുടെയും പട്ടിക തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.









0 comments