മോട്ടർ വാഹന ചെക്ക് പോസ്റ്റുകളിൽ വീണ്ടും വിജിലൻസ് പരിശോധന; ഇത്തവണ പിടിച്ചത് 1.61 ലക്ഷം

vigilance raid
വെബ് ഡെസ്ക്

Published on Jan 31, 2025, 03:06 PM | 1 min read

വാളയാർ: മോട്ടോർ വാഹനവകുപ്പിന്റെ വാളയാർ ഇൻ, ഔട്ട്, വേലന്താവളം എന്നീ ചെക്ക് പോസ്റ്റുകളിൽ വീണ്ടും വിജിലൻസ് പരിശോധന. മൂന്ന്‌ ചെക്ക് പോസ്റ്റുകളിൽ നിന്നായി 1.61,060 രൂപ പിടികൂടി. വാളയാർ ഔട്ട് ചെക്ക് പോസ്റ്റിൽ അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അമൽ ടോമിൻ്റെ കൈവശം നിന്നും പിടികൂടിയ 41,000 ഉൾപ്പെടെ 80,700 രൂപയും ഇൻ ചെക്ക് പോസ്റ്റിൽ നിന്നും 71,560 രൂപയും വേലന്താവളത്ത് നിന്നും 8,800 രൂപയുമാണ് പിടികൂടിയത്.


വ്യാഴാഴ്‌ച രാത്രി 10 മുതൽ വെള്ളിപുലർച്ചെ മൂന്ന്‌ വരെ നടത്തിയ പരിശേധാനയിലാണ്‌ ഇത്രയും കെക്കൂലിപ്പണം പിടികൂടിയത്‌. ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ചരക്കുവാഹനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ നേരിട്ടും ഇടനിലക്കാർ വഴിയും കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.




കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു തവണ നടത്തിയ പരിശോധനകളിൽ 4.90 ലക്ഷം രൂപയാണ് വിജിലൻസ് പിടികൂടിയത്. വിജിലൻസ്‌ എറണാകുളം റേഞ്ച് പൊലീസ് സൂപ്രണ്ട് എസ് ശശിധരന്റെ നിർദ്ദേശപ്രകാരം, പാലക്കാട് വിജിലൻസ് ഡിവൈഎസ്‌പി എസ് ഷംസുദ്ദീൻ, എറണാകുളം റേഞ്ച് ഡിവൈഎസ്‌പി കെ എ തോമസ്, പൊലീസ് ഇൻസ്പെക്ടർമാരായ ഷിജു എബ്രഹാം, അരുൺപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ചിറ്റൂർ ഇറിഗേഷൻ അസി എഞ്ചിനിയർ ശാന്തകുമാർ, കൊല്ലങ്കോട് കൃഷി ഓഫീസർ രാഹുൽ രാജ്, പാലക്കാട് വിദ്യാഭ്യാസ വകുപ്പ് സൂപ്രണ്ട് കെ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ 21 അംഗ സംഘമാണ് പരിശോധന നടത്തിയത്. അഴിമതി സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് 1064,8592900900 എന്ന നമ്പറുകളിൽ വിളിച്ചറിയിക്കാമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home