print edition ഓപ്പറേഷൻ ഹരിതകവചം; വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്

തിരുവനന്തപുരം : നെൽവയലും തണ്ണീർത്തടവും ചട്ടവിരുദ്ധമായി തരംമാറ്റുന്നതായുള്ള പരാതിയിൽ ‘ഓപ്പറേഷൻ ഹരിത കവചം’ എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷണൽ ഓഫീസിലും, തരം മാറ്റൽ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 32 ഡെപ്യൂട്ടി കലക്ടർമാരുടെ ഓഫീസിലുമായി 69 ഇടങ്ങളിലായിരുന്നു പരിശോധന.
അനധികൃതമായി തണ്ണീർത്തടവും നെൽവയലും ഡാറ്റാബാങ്കിൽനിന്നും വ്യാപകമായി ഒഴിവാക്കുന്നതായും തരംമാറ്റിയതായും കണ്ടെത്തി.
എറണാകുളത്ത് മൂവാറ്റുപുഴ റവന്യു ഡിവിഷണൽ ഓഫീസിൽനിന്ന് 16 ലക്ഷം രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തി. ഇവിടത്തെ ഒരു ഉദ്യോഗസ്ഥൻ തരം മാറ്റൽ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏജൻസിയിൽനിന്നും 4,59,000- രൂപ ഗൂഗിൾ പേ വഴി കൈപ്പറ്റി.
മറ്റൊരു ഉദ്യോഗസ്ഥന്റെ ഗൂഗിൾ പേ വഴി സംശയാസ്പദമായ നിലയിൽ നടത്തിയ 11,69,000 രൂപയുടെ ഇടപാടും കണ്ടെത്തി. 2023 മുതലുള്ള ഫയലാണ് പരിശോധിച്ചത്. ചില ജില്ലകളിൽ ഫീൽഡ് വെരിഫിക്കേഷൻ നടത്തിയതിൽ, തരംമാറ്റപ്പെട്ട ഭൂമി നീർച്ചാലുകൾ ഉൾപ്പെടുന്ന തണ്ണീർത്തടങ്ങളിൽ മണ്ണിട്ടതായും കണ്ടെത്തി. മലപ്പുറം ജില്ലയിൽ ഒരു ഓഫീസിൽ 11 അപേക്ഷയിൽ ഒരേ ഫോൺ നമ്പർ കണ്ടെത്തി. ഇത് ഏജന്റുമാർ മുഖാന്തരം സമർപ്പിച്ച അപേക്ഷകളാണെന്ന് സംശയിക്കുന്നു.
പല ജില്ലകളിലും അപേക്ഷകൾ കെട്ടികിടക്കുന്നതായും, കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ (റവന്യു റിക്കവറി) ഓഫീസിൽ 2021 മുതൽ ഉള്ള അപേക്ഷയിൽ നടപടി സ്വീകരിക്കാതെയിരിക്കുന്നതായും കണ്ടെത്തി.
പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു. സംശയമുള്ള ഇടങ്ങളിൽ സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്ററിൽ നിന്നും ഉപഗ്രഹചിത്രം ഉൾപ്പെടെ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.









0 comments