വിജിലൻസ് പരിശോധന: മൂന്ന് കേസുകളിലായി ഏഴ് പേർക്കെതിരെ നടപടി

തിരുവനന്തപുരം: വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് കേസുകളിലായി ഏഴ് പേർക്കെതിരെ നടപടി. പണി പൂർത്തിയാക്കിയ റോഡുകളുടെ ബില്ലുകൾ മാറുന്നതിന് കൈക്കൂലി വാങ്ങിയതിനും ലോൺ സബ്‌സിഡി അനുവദിച്ചതിൽ ക്രമക്കേട് നടത്തിയതിനും പാർക്കിങ് ഫീസ് പിരിക്കുന്നതിന് ടെണ്ടർ നൽകിയതിൽ ക്രമക്കേട് കാണിച്ചതിനുമാണ് കേസ്.
പണി പൂർത്തിയാക്കിയ റോഡുകളുടെ ബില്ലുകൾ മാറുന്നതിന് കൈക്കൂലി വാങ്ങിയതിന് കേരളാ സ്റ്റേറ്റ് റൂറൽ റോഡ് ഡവലപ്പ്മെന്റ് എജൻസിയുടെ തിരുവനന്തപുരം ഓഫീസിലെ രണ്ടുപേരാണ് പിടിയിലായത്. സീനിയർ ക്ലർക്കായിരുന്ന ബിനോയ് ജോർജ്, കരാർ ജീവനക്കാരി ആയിരുന്ന അനിതാ ചന്ദ്രൻ എന്നിവരാണ് പിടിയിലായത്. കോൺട്രാക്ടർമാരിൽ നിന്നും ഗൂഗിൾപേ വഴി ബിനോയ് ജോർജ് 1,79,000 രൂപയും, അനിതാ ചന്ദ്രൻ 23,000 രൂപയും കൈപ്പറ്റിയത്. ഇരുവർക്കെതിരെയും വിജിലൻസ് ബുധനാഴ്‌ച കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ലോൺ സബ്‌സിഡി അനുവദിച്ചതിൽ ക്രമക്കേട് നടത്തിയ തിരുവനന്തപുരം നഗരസഭയിലെ മുൻ വ്യവസായ വികസന ഓഫീസർമാർക്കെതിരെയാണ് മറ്റൊരു കേസ്. നഗരസഭയുടെ 2021-22 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ അനർഹരായ സ്വയം സഹായ ഗ്രൂപ്പുകൾക്ക് സബിഡി അനുവദിച്ചത് വഴി തിരുവനന്തപുരം കോർപറേഷന് 1,14,00,000 രൂപ നഷ്ടം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലാണ് ഇൻഡസ്ട്രിയൽ എക്സറ്റൻഷൻ ഓഫീസർമാരായിരുന്ന ഷെഫിൻ , ആർ പ്രവീൺരാജ്
എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
നിലക്കലിൽ പാർക്കിങ് ഫീസ് പിരിക്കുന്നതിന് ടെണ്ടർ നൽകിയതിൽ ക്രമക്കേട് കാണിച്ച രണ്ട് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും, കോൺട്രാക്ടർക്കുമെതിരെയും വിജിലൻസ് കേസെടുത്തു. ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കേസ് എടുത്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ദേവസ്വം കമീഷണറായിരുന്ന ബി എസ് പ്രകാശ്, ശബരിമല എക്സിക്യൂട്ടിവ് ഓഫീസറായ എച്ച് കൃഷ്ണകുമാർ, കോൺട്രാക്ടർ സജീവൻ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ടെണ്ടർ മാനദണ്ഡങ്ങൾ പാലിക്കാതെ പാർക്കിങ് ഫീസ് പിരിക്കാനുള്ള ടെണ്ടർ അനുവദിച്ചതായും, കരാർ നേടിയ കോൺട്രാക്ടർ കരാർ പ്രകാരം അടക്കേണ്ട തുക അടക്കാതിരിക്കാത്തതും മൂലം ദേവസ്വം ബോർഡിന് 1,41,13,314 - രൂപ യുടെ നഷ്ടം സംഭവിച്ചതായും കണ്ടെത്തിരുന്നു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കുക.









0 comments