കൈക്കൂലിക്കേസ്: ഐഒസി ഡിജിഎമ്മിന് 29 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം


സ്വന്തം ലേഖകൻ
Published on Mar 17, 2025, 09:00 AM | 1 min read
കൊച്ചി: ഗ്യാസ് ഏജൻസി അനുവദിക്കുന്നതിന് രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്‌റ്റ് ചെയ്‌ത ഐഒസി ഡിജിഎം അലക്‌സ് മാത്യുവിന് 29 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം.
ഇയാളുടെ കടവന്ത്ര ചിലവന്നൂരിലെ വീട്ടിൽ എറണാകുളം വിജിലൻസ് യൂണിറ്റ് ശനി രാത്രി നടത്തിയ പരിശോധനയിലാണ് ബാങ്ക് അക്കൗണ്ട് രേഖകൾ കണ്ടെടുത്തത്. എറണാകുളത്തും തിരുവനന്തപുരത്തുമായി നാല് അക്കൗണ്ടുകളിലായാണ് സ്ഥിരനിക്ഷേപം. ഞായർ പുലർച്ചെവരെ നീണ്ട റെയ്‌ഡിൽ ലഭിച്ച മറ്റ് രേഖകളും പരിശോധിക്കുകയാണ്. പനമ്പിള്ളിനഗർ ഐഒസി ഓഫീസിലും ശനി രാത്രി വിജിലൻസ് പരിശോധന നടത്തി. ആറ് ലിറ്റർ വിദേശനിർമിത മദ്യവും വീട്ടിൽനിന്ന് കണ്ടെത്തി.
എറണാകുളം വിജിലൻസ് മധ്യമേഖലാ എസ്‌പി എസ് ശശിധരന്റെ നേതൃത്വത്തിൽ നടന്ന പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. അലക്‌സ് മാത്യുവിന്റെ അനധികൃത സ്വത്തുസമ്പാദനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ഇദ്ദേഹം ഡെപ്യൂട്ടി ജനറൽ മാനേജരായി ചുമതലയേറ്റെടുത്തതുമുതൽ കൈക്കൂലി വാങ്ങിയിരുന്നതായാണ് വിജിലൻസിന് ലഭിച്ച സൂചന. കൂടുതൽ പരാതികളുണ്ടോയെന്നും അന്വേഷിക്കുകയാണ്.
സസ്‌പെൻഡ് ചെയ്‌തു
ഡിജിഎം അലക്‌സ് മാത്യുവിനെ സസ്‌പെൻഡ് ചെയ്‌തതായി ഇന്ത്യൻ ഓയിൽ കോപറേഷൻ (ഐഒസി) അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. നിയമങ്ങൾ അനുസരിച്ച് കർശന അച്ചടക്കനടപടികൾ സ്വീകരിക്കും. എല്ലാ പ്രവർത്തനങ്ങളിലും സത്യസന്ധതയുടെയും സുതാര്യതയുടെയും ഉയർന്ന നിലവാരം പുലർത്താൻ ഇന്ത്യൻ ഓയിൽ പ്രതിജ്ഞാബദ്ധമാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
0 comments