'ചോദ്യം ചെയ്യുക, 
ശബ്ദമുയർത്തുക' : വെട്രിമാരൻ

Vetrimaran
avatar
വൈഷ്‌ണവ്‌ ബാബു

Published on Aug 03, 2025, 02:00 AM | 1 min read


തിരുവനന്തപുരം

സിനിമയെടുക്കുന്നവർ വസ്തുതയോട്‌ നീതി പുലർത്തണമെന്ന്‌ സംവിധായകൻ വെട്രിമാരൻ. കേരള ഫിലിം കോൺക്ലേവിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായാണ്‌ അദ്ദേഹം പങ്കെടുത്തത്‌. കല എല്ലാകാലത്തും വ്യവസ്ഥാപിത രാഷ്ട്രീയ–സാമൂഹിക സ്ഥിതിയെ ചോദ്യം ചെയ്തിട്ടുണ്ട്‌. ഏറ്റവും ആധുനികവും ശക്തവുമായ കലാരൂപമെന്ന നിലയിൽ സിനിമയുടെ പ്രാധാന്യം വർധിച്ചുവരികയാണ്‌. ഭരിക്കുന്നവർ ഭിന്നിപ്പിക്കാൻ ശ്രമിച്ചാലും തുല്യതയ്ക്കുവേണ്ടി നിലകൊള്ളേണ്ട ഉത്തരവാദിത്വം സിനിമാ പ്രവർത്തകർക്കുണ്ടെന്ന്‌ അദ്ദേഹം ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.


എല്ലാ ചലച്ചിത്ര നിർമാതാക്കളും ‘രാഷ്ട്രീയമായി തുറന്നുപറയുന്ന’ സിനിമകൾ നിർമിക്കാൻ തയ്യാറായെന്നുവരില്ല. പക്ഷേ രാഷ്ട്രീയമില്ലെന്ന്‌ പറയുന്ന ആ സിനിമകളിലും ഒരു രാഷ്ട്രീയമുണ്ട്‌. സ്ത്രീകളെയും മതത്തെയും ജാതിയെയും വംശീയതയെയും ചിത്രീകരിക്കുന്നതിൽ അവരെടുക്കുന്ന തീരുമാനങ്ങൾ പരിശോധിച്ചാൽ നമുക്കത്‌ മനസ്സിലാകും. മനുഷ്യരെ ഭിന്നിപ്പിക്കാതെ സിനിമ എടുക്കാൻ കഴിയുക എന്നതാണ്‌ പ്രധാനം.


സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തെ ഉൾക്കൊള്ളിച്ച്‌ സിനിമ നിർമിക്കുമ്പോൾ അവർ അഭിസംബോധന ചെയ്യുന്ന വിഷയത്തോടും ലോകത്തോടും നീതി പുലർത്തണം. അത്‌ സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലുള്ളവർക്കും ബാധകമാണ്‌. നിർമാതാക്കളുടെ ലാഭത്തേക്കാൾ ചിത്രീകരിക്കുന്ന ജീവിതങ്ങൾക്ക് മുൻഗണന നൽകണം. ഒരു വ്യവസായമെന്ന നിലയിൽ സിനിമയ്ക്ക് ലാഭം പ്രധാനമാണെങ്കിലും ചലച്ചിത്ര പ്രവർത്തകരുടെ പ്രധാന ലക്ഷ്യം അതാകരുത്‌. പ്രശ്‌നത്തെക്കുറിച്ച്‌ ശബ്ദിക്കേണ്ടതിന്റെ ആവശ്യകതയിൽനിന്നാണ്‌ സിനിമ പിറക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home