വേലായുധൻ ചേട്ടൻമാരെ ഇനിയും തിരിച്ചയക്കും; നിവേദനം സ്വീകരിക്കുന്നത് തന്റെ പണിയല്ലെന്ന് സുരേഷ് ഗോപി

കൊടുങ്ങല്ലൂർ: ഇനിയും വേലായുധൻ ചേട്ടൻമാരെ താനയക്കുമെന്നും രാഷ്ട്രീയ പാർടിക്കാർ തയ്യാറായി ഇരുന്നോളണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. നിവേദനം സ്വീകരിക്കാതെ സുരേഷ് ഗോപി പറഞ്ഞു വിട്ട കൊച്ചുവേലായുധന് സിപിഐ എം വീട് വച്ചു നൽകുന്ന കാര്യം സൂചിപ്പിച്ചാണ് ഇക്കാര്യം പറഞ്ഞത്. എൽത്തുരുത്തിൽ നടന്ന കലുങ്ക് സൗഹൃദ സംവാദത്തിലായിരുന്നു സാധാരണക്കാരെ അവഹേളിക്കുന്ന പ്രഖ്യാപനം. സിനിമാ കഥാപാത്രങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ തനിക്ക് മനസ്സില്ല. നിവേദനങ്ങൾ സ്വീകരിക്കുന്നത് തന്റെ പണിയല്ല. അത് പാർടിക്കാർക്ക് കൊടുത്താൽ മതി– സുരേഷ് ഗോപി പറഞ്ഞു.
അതേസമയം സഹായം അഭ്യർഥിച്ച് എത്തിയ വയോധികയെയും സുരേഷ് ഗോപി ബുധനാഴ്ച പരിഹസിച്ചയച്ചു. ഇരിഞ്ഞാലക്കുട പൊറത്തിശേരിയിൽ നടത്തിയ കലുങ്ക് സംവാദത്തിനിടയിലാണ് സംഭവം. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോയെന്ന വയോധികയുടെ അഭ്യർഥനയോടാണ് സുരേഷ് ഗോപിയുടെ പരിസാഹം നിറഞ്ഞ പ്രതികരണം. വയോധികയോട് മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു ആദ്യ മറുപടി. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റുമോ എന്ന് വയോധിക പ്രതികരിച്ചപ്പോഴാണ് ‘എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന നിലവിട്ട മറുപടി. ‘ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ’ എന്ന് വയോധിക ചോദിച്ചതോടെ ‘അല്ല. ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്’ എന്നായിരുന്നു മറുപടി.
പുള്ളിൽ നടത്തിയ ആദ്യ കലുങ്ക് സംവാദം മുതൽ സുരേഷ് ഗോപി പരിപാടിയിൽ ഉടനീളം വിവാദങ്ങളാണ് സൃഷ്ടിക്കുന്നത്. പുള്ളിൽ നിവേദനവുമായി എത്തിയ കൊച്ചുവേലായുധൻ എന്ന വയോധികനെ അധിക്ഷേപിച്ചിരുന്നു. നിവേദനം വയോധികൻ സുരേഷ് ഗോപിക്ക് നേരെ നീട്ടിയപ്പോൾ അത് വാങ്ങാൻ വിസമതിച്ചശേഷം ‘അതൊന്നും ഒരു എംപിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തിൽ പറയ്’ എന്നാണ് പറഞ്ഞത്. നിവേദനം സ്വീകരിക്കാതെയിരുന്നത് വീട് നൽകുന്നത് തന്റെ അധികാര പരിധിയിൽ വരുന്നതല്ലെന്നാണ് പിന്നീട് സുരേഷ് ഗോപി ന്യായികരിച്ചത്. എന്നാലിപ്പോൾ അതിൽ നിന്ന് മലക്കം മറിഞ്ഞു. നിവേദനം നിരസിച്ചത് കൈപ്പിഴയാണെന്നാണ് പുതിയ വിശദീകരണം. കൊടുങ്ങല്ലൂരിൽ നടന്ന കലുങ്ക് സംവാദത്തിലായിരുന്നു പ്രതികരണം.
എംപി എന്ന നിലയിൽ സുരേഷ് ഗോപി തൃശൂരിലേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന് ബിജെപിയിൽ നിന്നടക്കം വലിയ വിമർശനമാണ് ഉയരുന്നത്. ഇതിനെ തുടർന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ‘കലുങ്ക് വികസന സംവാദ’ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. എന്നാലിത് ബിജെപിക്ക് വലിയ തലവേദനയായി മാറുകയാണ്.









0 comments