'അമ്പലങ്ങളിൽ ഇനിയും പാടും'; ആർഎസ്എസ് നേതാവിന് മറുപടിയുമായി വേടൻ

കൊച്ചി: ആർഎസ്എസ് നേതാവും കേസരിയുടെ മുഖ്യ പത്രാധിപരുമായ എൻ ആർ മധുവിന്റെ മതവിദ്വേഷ പരാമർശത്തിൽ പ്രതികരിച്ച് റാപ്പർ വേടൻ. അമ്പലങ്ങളിൽ ഇനിയും അവസരം ലഭിക്കുമെന്നും താൻ പോയി പാടുമെന്നും വേടൻ മാധ്യമങ്ങളോട് പറഞ്ഞു.
'താനെടുക്കുന്ന പണി പലരെയും വ്യക്തിപരമായി ബാധിച്ചിട്ടുണ്ട്. പുള്ളിക്കാരന് അഭിപ്രായം പറയാമല്ലോ. ഇത് പുതിയ കാര്യമല്ല. ഞാൻ വിഘടനവാദിയാണെന്ന് മുമ്പും പലരും പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അറിയില്ല. ജാതി ഭീകരത എന്നൊക്കെ പറയുന്നത് കോമഡിയല്ലേ. സർവ ജീവികൾക്കും സമത്വം കൽപിക്കുന്ന അംബേദ്കർ പൊളിറ്റിക്സിലാണ് ഞാൻ വിശ്വസിക്കുന്നത്. ബാക്കിയെല്ലാം ആളുകൾ തീരുമാനിക്കട്ടെ'- വേടൻ പറഞ്ഞു.
പുലിപ്പല്ല് കേസ് ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടനാട് വനം വകുപ്പ് റേഞ്ച് ഓഫീസിൽ എത്തിയപ്പോഴാണ് വേടന്റെ പ്രതികരണം. അതേസമയം എൻ ആർ മധു മതവിദ്വേഷം വളർത്തുന്ന പരാമർശങ്ങൾ നടത്തിയതിനെതിരെ ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി പരാതി നൽകി. കിഴക്കേ കല്ലട പുതിയിടത്ത് ശ്രീപാർവതി ദേവീക്ഷേത്രത്തിൽ നടന്ന യോഗത്തിലായിരുന്നു വിവാദ പ്രസംഗം. മതസൗഹാർദത്തിന് പേരുകേട്ട കല്ലടയിൽ മതസൗഹാർദം തകർക്കുന്ന രീതിയിലുള്ള പ്രഭാഷണമാണ് മധു നടത്തിയത്.
വേടന്റെ പാട്ടിന് പിന്നിൽ ഇരുട്ടിന്റെ ശക്തികളാണെന്നും ജാതിഭീകരത വളർത്തുകയാണെന്നും വിശദീകരിച്ചുകൊണ്ടാണ് മധു പിന്നാക്ക വിഭാഗങ്ങൾക്കെതിരെ കടന്നാക്രമണം നടത്തിയത്. കലാകാരനായ വേടനെ അധിക്ഷേപിക്കാനുള്ള ശ്രമമാണ് പ്രസംഗത്തിലൂടെ മധു നടത്തിയത്. അതിനെതിരെ നിയമ നടപടി സ്വീകരിക്കണം എന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലം ജില്ലാ സൂപ്രണ്ടിന് ഡിവൈഎഫ്‌ഐ പരാതി നൽകിയത്.









0 comments