വേടന്റെ റാപ് സംഗീതം; ഡോ. എം എം ബഷീറിന്റെ 
റിപ്പോർട്ട് പഠന ബോർഡിന് കൈമാറിയില്ല

vedanbhoomi
വെബ് ഡെസ്ക്

Published on Jul 28, 2025, 03:54 AM | 1 min read

തേഞ്ഞിപ്പലം: വേടന്റെ റാപ് സംഗീതം കലിക്കറ്റ് സർവകലാശാല ബിരുദ സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെയുള്ള ഡോ. എം എം ബഷീറിന്റെ റിപ്പോർട്ട് മലയാളം പഠനബോർഡിന് കൈമാറിയില്ല. റിപ്പോർട്ട് ജൂലായ് 15 ന്‌ എം എം ബഷീർ വൈസ് ചാൻസലർക്ക് കൈമാറിയിരുന്നു. ഉടൻ മലയാളം പഠനബോർഡിന് കൈമാറുമെന്നായിരുന്നു വി സി ഡോ. പി രവീന്ദ്രൻ പറഞ്ഞിരുന്നത്. വേടന്റെ റാപ് സംഗീതം ബിരുദ സിലബസിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട്‌ പുറത്തുള്ള വിദഗ്ധ സമിതിയെ നിയോഗിച്ച വൈസ് ചാൻസലറുടെ നടപടിയിൽ മലയാള പഠന ബോർഡംഗങ്ങളിൽ കടുത്ത അമർഷമുണ്ട്‌.


പരാതികൾ ആദ്യം പരിശോധനക്കായി കൈമാറേണ്ടത് പഠനബോർഡിനായിരുന്നുവെന്നാണ് അംഗങ്ങളുടെ നിലപാട്. ഇത്‌ പഠനബോർഡംഗങ്ങളെ അപമാനിക്കുന്ന രീതിയിലുള്ള നടപടിയാണെന്ന ആക്ഷേപവും അംഗങ്ങളിൽ ശക്തമാണ്. ഈ സാഹചര്യത്തിലാണോ റിപ്പോർട്ട് കൈമാറാത്തതെന്ന സംശയവും ഉയരുന്നുണ്ട്. നാല് വർഷ ഡിഗ്രിയുടെ ബിഎ മലയാളം മൂന്നാം സെമസ്റ്റർ സിലബസിലാണ് താരതമ്യപഠനത്തിനായി വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം' എന്ന റാപ് സംഗീതം ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദെ ഡോണ്ട് കെയർ എബൗട്ട് അസ്' എന്ന റാപ് സംഗീതവുമായുള്ള താരതമ്യപഠനമാണ് നിർദേശിച്ചിരുന്നത്.


ഇതിനെതിരെയാണ് ബിജെപി സിൻഡിക്കറ്റംഗം എ കെ അനുരാജും എസ്‌യുസിഐ -കോൺഗ്രസ്- മുസ്ലിംലീഗ് അനുകൂല സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും ചാൻസലർക്ക് പരാതി നൽകിയത്. താരതമ്യപഠനത്തിന് തന്നെയുള്ള ഗൗരീലക്ഷ്മിയുടെ ‘അജിത ഹരേ'ക്കെതിരെയും പരാതിയുണ്ടായിരുന്നു. ഇതോടെയാണ് ചാൻസലർ റിപ്പോർട്ട് ആവശ്യപ്പെട്ടത്. താൽക്കാലിക വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ ഡോ. എം എം ബഷീറിനെ നിയോഗിച്ച് പഠിച്ച് റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരെ സന്തോഷിപ്പിക്കുന്ന രീതിയിൽ രണ്ടും സിലബസിൽനിന്ന്‌ ഒഴിവാക്കാനായിരുന്നു റിപ്പോർട്ടിലെ നിർദേശം.




deshabhimani section

Related News

View More
0 comments
Sort by

Home