വേടനെതിരായ പീഡനകേസ്: പരാതിക്കാരിയുടെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും

കൊച്ചി: റാപ്പർ വേടനെതിരായ ലൈംഗിക പീഡനകേസിൽ പരാതിക്കാരിയായ യുവഡോക്ടറുടെ സുഹൃത്തുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കോട്ടയം സ്വദേശിനിയായ യുവഡോക്ടർ പരാതിയിൽ ചില സുഹൃത്തുക്കളുടെ പേരുകൾ പരാമർശിച്ചിരുന്നു. പ്രാഥമിക അന്വേഷണങ്ങൾക്കും തെളിവുശേഖരണത്തിനുംശേഷം വേടനെ ചോദ്യംചെയ്യാനാണ് അന്വേഷകസംഘത്തിന്റെ നീക്കം.
2021 ആഗസ്‌ത്‌മുതൽ 2023 മാർച്ച്‌വരെ കാലയളവിൽ കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് പരാതി. പരാതിയിൽ പറയുന്ന സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തും. യുവഡോക്ടറുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം മജിസ്ട്രേട്ട് രേഖപ്പെടുത്തി. വൈദ്യപരിശോധനയും നടത്തി. വേടനുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്.
2019ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പിജി ചെയ്യുന്ന സമയത്താണ് വേടനുമായി പരിചയത്തിലായതെന്നാണ് പരാതിയിലുള്ളത്. വേടന്റെ പാട്ടുകളും അഭിമുഖങ്ങളും കണ്ട് ആകൃഷ്ടയായി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചു. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് വേടൻ അറിയിച്ചിരുന്നു. ഇതുപ്രകാരം മുന്നോട്ടുപോകുന്നതിനിടെയാണ് പല സ്ഥലങ്ങളിൽവച്ച് പീഡിപ്പിച്ചതെന്ന് പരാതി യിൽ പറയുന്നു.









0 comments