ലൈനില്‍നിന്ന് നേരിട്ട് വൈദ്യുതി മോഷ്ടിച്ചു, ഇന്‍സുലേഷനുമില്ല; ദൃശ്യങ്ങൾ പുറത്തുവിട്ട് കെഎസ്ഇബി

kseb explanation over vazhikkadavu student death
വെബ് ഡെസ്ക്

Published on Jun 08, 2025, 12:05 PM | 1 min read

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയിൽനിന്നും വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി. കെഎസ്ഇബിയുടെ സിംഗിൾ ഫേസ് ലൈനിൽ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. വയർ ഉപയോഗിച്ചും, ചിലയിടത്ത് ഇൻസുലേഷനില്ലാത്ത കമ്പികൾ ഉപയോഗിച്ചും ലൈൻ അനധികൃതമായി വലിച്ചിരിക്കുകയായിരുന്നുവെന്നും ദൃശ്യങ്ങൾ സഹിതം കെഎസ്ഇബി വിശദീകരിച്ചു. തോട്ടിലൂടെ വലിച്ച വയറിൽ നിന്നും മീൻ പിടിക്കുന്ന കുട്ടികൾക്കാണ് അപകടം സംഭവിച്ചത്.


ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കെഎസ്ഇബി നിരന്തരം ബോധവത്കരണം നടത്താറുള്ളതാണ്. കാർഷിക വിള സംരക്ഷണത്തിനായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ അപേക്ഷ നൽകി അനുമതിയോടെയുള്ള വൈദ്യുതി വേലി മാത്രമേ സ്ഥാപിക്കാവൂ. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സ്റ്റാൻഡേർഡ് IS -302-2-76- (1999 ) സെക്ഷൻ 76 പാർട്ട് 2 പ്രകാരം ഇംപൾസ് ജനറേറ്റർ ഉള്ള, ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് ഫെൻസ് എനെർജൈസേഴ്സ് മാത്രമേ ഉപയോഗിക്കാവൂ.


വൈദ്യുത വേലികൾക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003 ലെ ഇലക്ട്രിസിറ്റി നിയമം, ഭാഗം 14- വകുപ്പ് 135 (1 ) (e ) പ്രകാരം നിയമവിരുദ്ധവും 3 വർഷം വരെ തടവും പിഴയും, രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റമാണ്. സ്വകാര്യ വ്യക്തി/വ്യക്തികൾ കാട്ടിയ നിയമലംഘനത്തിന് കെഎസ്ഇബിയെ പഴി പറയുന്നത് വസ്തുതാവിരുദ്ധവും അപലപനീയവുമാണെന്നും അധികൃതർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.


സംഭവത്തിൽ പ്രാദേശിക കോൺ​ഗ്രസ് പ്രവർത്തകനായ വെള്ളക്കട്ട സ്വദേശി വിനീഷിനെ ഞായറാഴ്ച രാവിലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണചുമതല. പിടിയിലായ വിനീഷ് അനധികൃതമായി വൈദ്യുതി എടുത്തത് പന്നിയെ വേട്ടയാടാനാണെന്നും ഇയാൾ ഇതിന് മുമ്പും പന്നിയെ വേട്ടയാടി ഇറച്ചി വിൽക്കാറുണ്ടെന്നും കണ്ടെത്തി.


ശനി രാത്രിയാണ് വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർഥി അനന്തു പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുകുട്ടികൾക്കും ഷോക്കേറ്റു. ഷാനു, യദു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടികളിൽ ഒരാൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലും മറ്റേയാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Home