ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം: പ്രതിയെ റിമാൻഡ് ചെയ്തു

വഴിക്കടവ് : നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽനിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ പിടിയിലായ പ്രതി വെള്ളക്കട്ട സ്വദേശി വിനീഷിനെ റിമാൻഡ് ചെയ്തു. മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി ജഡ്ജിയുടെ ചേംബറിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഇയാളെ മഞ്ചേരി സബ് ജയിലിലേക്ക് അയച്ചു. ഞായറാഴ്ച രാവിലെയാണ് വിനീഷ് പിടിയിലായത്. പ്രാദേശിക കോൺഗ്രസ് പ്രവർത്തകനാണ് പ്രതി.
ശനി രാത്രിയാണ് വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർഥി അനന്തു പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളിൽ ഒരാൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലും മറ്റേയാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. വല ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. കെഎസ്ഇബിയുടെ സിംഗിൾ ഫേസ് ലൈനിൽ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയർ ഉപയോഗിച്ചും, ചിലയിടത്ത് ഇൻസുലേഷനില്ലാത്ത കമ്പികൾ ഉപയോഗിച്ചും ലൈൻ വലിച്ചിരിക്കുകയായിരുന്നു. തോട്ടിലൂടെ വലിച്ച വയറിൽ നിന്നും മീൻ പിടിക്കുന്ന കുട്ടികൾക്കാണ് അപകടം സംഭവിച്ചത്.
വിനീഷ് കർഷകനല്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇയാൾക്ക് കൃഷിയിടമില്ലെന്നും പന്നിയെ അനധികൃതമായി വേട്ടയാടി മാംസം വിൽക്കുന്നയാളാണ് വിനീഷെന്നും പൊലീസ് അറിയിച്ചു. ഇയാൾ ഇതിന് മുമ്പും പന്നിയെ വേട്ടയാടി ഇറച്ചി വിറ്റിട്ടുണ്ടെന്നും കണ്ടെത്തി. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വിദ്യാർഥി ഷോക്കേറ്റ് മരണപ്പെട്ടപ്പോൾ പ്രതി വിനീഷ് സമീപത്തുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഷോക്കേറ്റ കുട്ടികളെ രക്ഷിക്കാൻ ഇയാൾ തയ്യാറായില്ല. ആളുകൾ കൂടിയപ്പോൾ വീട്ടിലേക്ക് ഫോൺ ചെയ്ത് പണവും വസ്ത്രവും എടുത്തുവെക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഒളിവിൽ പോകാൻ ശ്രമിക്കവെയാണ് വിനീഷ് പിടിയിലായത്. അനന്തുവിന്റെ മരണം ഷോക്കേറ്റാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ട്.
സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച കോൺഗ്രസ് നേതാക്കൾ പിടിയിലായ പ്രതി വിനേഷ് കോൺഗ്രസ് പ്രവർത്തകനാണെന്ന വിവരം അറിഞ്ഞതോടെ നിശബ്ദരായി.









0 comments