അനന്തുവിന് ഷോക്കേറ്റപ്പോൾ വിനീഷ് സമീപത്ത്; രക്ഷിക്കാൻ ശ്രമിച്ചില്ല; ഫോൺ സന്ദേശം അന്വേഷിക്കും

വിനീഷ് (ഇടത്), അനന്തു (വലത്)
വഴിക്കടവ്: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽനിന്നും വിദ്യാർഥി ഷോക്കേറ്റ് മരണപ്പെട്ടപ്പോൾ പ്രതി വിനീഷ് സമീപത്തുണ്ടായിരുന്നുവെന്ന് പൊലീസ്. ഷോക്കേറ്റ കുട്ടികളെ രക്ഷിക്കാൻ ഇയാൾ തയ്യാറായില്ല. ആളുകൾ കൂടിയപ്പോൾ വീട്ടിലേക്ക് ഫോൺ ചെയ്ത് പണവും വസ്ത്രവും എടുത്തുവെക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഒളിവിൽ പോകാൻ ശ്രമിക്കവെയാണ് വിനീഷ് പിടിയിലായത്.
കോൺഗ്രസ് പ്രവർത്തകനായ വിനീഷിന് യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത് ഭരണസമിതിയിലെ പ്രമുഖരുമായുള്ള ബന്ധം പൊലീസ് അന്വേഷിക്കും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ഉറ്റഅനുയായിയാണ് വാർഡ് മെമ്പർ. സംഭവത്തിൽ വാർഡ് മെമ്പറുടെ പങ്കും അന്വേഷിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട്.
പന്നിയെ അനധികൃതമായി വേട്ടയാടി മാംസം വിൽക്കുന്നയാളാണ് വിനീഷ്. ഇയാൾ ഇതിന് മുമ്പും പന്നിയെ വേട്ടയാടി ഇറച്ചി വിൽക്കാറുണ്ടെന്നും കണ്ടെത്തി. കെഎസ്ഇബിയുടെ സിംഗിൾ ഫേസ് ലൈനിൽ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുക്കുകയായിരുന്നു. വയർ ഉപയോഗിച്ചും, ചിലയിടത്ത് ഇൻസുലേഷനില്ലാത്ത കമ്പികൾ ഉപയോഗിച്ചും ലൈൻ വലിച്ചിരിക്കുകയായിരുന്നു. തോട്ടിലൂടെ വലിച്ച വയറിൽ നിന്നും മീൻ പിടിക്കുന്ന കുട്ടികൾക്കാണ് അപകടം സംഭവിച്ചത്.
ശനി രാത്രിയാണ് വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർഥി അനന്തു പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുകുട്ടികൾക്കും ഷോക്കേറ്റു. ഷാനു, യദു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടികളിൽ ഒരാൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലും മറ്റേയാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. വല ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
അനന്തുവിന്റെ മരണം ഷോക്കേറ്റാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ട്.









0 comments