ഷോക്കേറ്റ് വിദ്യാർഥിയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

നിലമ്പൂർ: മലപ്പുറം വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും, മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണചുമതല. സംഭവത്തിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ വെള്ളക്കട്ട സ്വദേശി വിനീഷിനെ ഞായറാഴ്ച രാവിലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിനീഷിന്റെ ഫോൺ കോൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷിക്കും.
ശനി രാത്രിയാണ് വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർഥി അനന്തു പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുകുട്ടികൾക്കും ഷോക്കേറ്റു. ഷാനു, യദു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടികളിൽ ഒരാൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലും മറ്റേയാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. വല ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
പിടിയിലായ വിനീഷ് അനധികൃതമായി വൈദ്യുതി എടുത്തത് പന്നിയെ വേട്ടയാടാനാണെന്നും ഇയാൾ ഇതിന് മുമ്പും പന്നിയെ വേട്ടയാടി ഇറച്ചി വിൽക്കാറുണ്ടെന്നും കണ്ടെത്തി.









0 comments