വിനീഷ് കർഷകനല്ല; അനധികൃതമായി പന്നിയെ വേട്ടയാടി മാംസം വിൽക്കുന്നയാൾ

വഴിക്കടവ്: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽനിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ പിടിയിലായ വെള്ളക്കട്ട സ്വദേശി വിനീഷ് കർഷകനല്ലെന്ന് പൊലീസ്. ഇയാൾക്ക് കൃഷിയിടമില്ല. പന്നിയെ അനധികൃതമായി വേട്ടയാടി മാംസം വിൽക്കുന്നയാളാണ് വിനീഷെന്നും പൊലീസ് അറിയിച്ചു. ഇയാൾ ഇതിന് മുമ്പും പന്നിയെ വേട്ടയാടി ഇറച്ചി വിൽക്കാറുണ്ടെന്നും കണ്ടെത്തി. ഞായറാഴ്ച രാവിലെ പിടിയിലായ വിനിഷ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പ്രാദേശിക കോൺഗ്രസ് പ്രവർത്തകനാണ് പ്രതി.
ശനി രാത്രിയാണ് വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർഥി അനന്തു പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുകുട്ടികൾക്കും ഷോക്കേറ്റു. ഷാനു, യദു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടികളിൽ ഒരാൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലും മറ്റേയാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. വല ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
കെഎസ്ഇബിയുടെ സിംഗിൾ ഫേസ് ലൈനിൽ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയർ ഉപയോഗിച്ചും, ചിലയിടത്ത് ഇൻസുലേഷനില്ലാത്ത കമ്പികൾ ഉപയോഗിച്ചും ലൈൻ വലിച്ചിരിക്കുകയായിരുന്നു. തോട്ടിലൂടെ വലിച്ച വയറിൽ നിന്നും മീൻ പിടിക്കുന്ന കുട്ടികൾക്കാണ് അപകടം സംഭവിച്ചത്.
അതേസമയം, വിദ്യാർഥി മരിച്ചതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളിലെ രാഷ്ട്രീയ ഗൂഡാലോചന പരിശോധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ദാരുണ സംഭവങ്ങൾ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ് പ്രതിപക്ഷം. ഇതിന് പിന്നിൽ ഒരു ഗൂഡാലോചന സംഘമുണ്ട്. വിഷയത്തിൽ പഞ്ചായത്ത് മെമ്പറിന്റെ പങ്ക് പരിശോധിക്കണം. യുഡിഎഫ് സ്ഥാനാർഥിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് അദ്ദേഹം. പ്രതിയുടെ ഫോൺ രേഖകൾ പരിശോധിച്ചാൽ എല്ലാം മനസിലാക്കാം. ഇതിന് പിന്നിലുള്ള എല്ലാവരെയും പുറത്ത് കൊണ്ടുവരണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments