അലയടിച്ച് പ്രതിഷേധം; വഴിക്കടവ് പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച്

വഴിക്കടവ്: മനുഷ്യക്കുരുതിക്ക് കളമൊരുക്കുന്ന മലപ്പുറം വഴിക്കടവ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് പ്രതിഷേധമാർച്ച് നടത്തി. പന്നിവേട്ടയ്ക്ക് വെച്ച കെണിയിൽനിന്ന് വൈദ്യുതാഘാതമേറ്റാണ് വെള്ളക്കട്ട സ്വദേശിയായ പത്താംക്ലാസുകാരന്‍ അനന്തു മരിച്ചത്. കെണിവെച്ച കോൺഗ്രസ് പ്രവർത്തകനായ വിനീഷ് കെഎസ്ഇബിയുടെ സിംഗിൾഫേസ് ലൈനിൽനിന്ന് വൈദ്യുതി മോഷ്ടിക്കുകയായിരുന്നു. അനധികൃതമായി പന്നിയെ വേട്ടയാടി മാംസം വിൽക്കുന്നയാളാണ് വിനീഷ്. ഇത്തരം നിയമലംഘനങ്ങൾ തടയാനോ പ്രദേശത്തെ വന്യമൃഗശല്യം തടയാനോ പഞ്ചായത്ത് ഭരണസമിതി നടപടിയെടുക്കാത്തത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
അപകടകാരികളായ പന്നിയെ വെടിവച്ചുകൊല്ലാൻ പഞ്ചായത്തുകൾക്ക് അധികാരമുണ്ട്. എന്നാൽ, യുഡിഎഫ് നേതൃത്വത്തിലുള്ള വഴിക്കടവ് പഞ്ചായത്ത് ഭരണസമിതി ഇതുവരെ ഇത് നടപ്പാക്കിയിട്ടില്ല. വൈദ്യുതി മോഷ്‌ടിച്ചതടക്കം അപകടക്കെണിയൊരുക്കുന്നത് ശ്രദ്ധയിൽപ്പെടുത്താനോ തടയാനോയുള്ള ശ്രമമോ പഞ്ചായത്തിന്റെ ഭാഗത്തുനിന്നില്ല. എന്നാൽ അനന്തുവിന്റെ മരണത്തെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ രാഷ്ട്രീയവൽകരിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. പഞ്ചായത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതായി എൽഡിഎഫ് മാർച്ച്.









0 comments