വടകരയില്‍ കാറിടിച്ച്‌ ബാലിക അബോധാവസ്ഥയിലായ സംഭവം; 1.15 കോടി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

drishana vadakara accident
വെബ് ഡെസ്ക്

Published on Nov 18, 2025, 06:02 PM | 1 min read

വടകര: കോഴിക്കോട് വടകരയില്‍ കാറിടിച്ച്‌ ഒമ്പതുവയസ്സുകാരി അബോധാവസ്ഥയിലായ സംഭവത്തിൽ കുട്ടിക്ക് 1കോടി 15 ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. വടകര മോട്ടോർ ആക്സിഡന്റ്സ് ക്ലെയിം ട്രിബ്ല്യൂണൽ (എംഎസിടി) കോടതിയിൽ നടന്ന അദാലത്തിൽ കേസ് തീർപ്പാക്കി. കോഴിക്കോട് ലീ​ഗൽ സർവീസ് അതോറിറ്റിയിലെ അഭിഭാഷക ഫൗസിയയാണ് ദൃഷാനയ്ക്കുവേണ്ടി കോടതിയിൽ ഹാജരായത്. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ തുടർനടപടികൾ കഴിഞ്ഞ മാസം അവസാനിപ്പിച്ചിരുന്നു.


പ്രതിയെ അറസ്റ്റ്‌ ചെയ്തെന്നും കുട്ടിക്ക്‌ പ്രാഥമിക നഷ്ടപരിഹരമായി രണ്ടുലക്ഷം രൂപ ലഭ്യമായിട്ടുണ്ടെന്നും മോട്ടോർവാഹന നഷ്ടപരിഹാര കേസ് നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചതിനെത്തുടർന്നാണ്‌ ചീഫ് ജസ്റ്റിസ് നിതിൻ എം ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്‌ തുടർനടപടികൾ അവസാനിപ്പിച്ചത്‌. ഹൈക്കോടതി ഇടപെടലാണ് നഷ്ടപരിഹാരം അനുവദിക്കുന്നതിൽ നിർണായകമായത്.


2024 ഫെബ്രുവരി 17നാണ് മുത്തശ്ശിയും കുട്ടിയും റോഡ് മറികടക്കുമ്പോൾ വാഹനം ഇടിച്ചത്. പരിക്കേറ്റ 10 വയസ്സുകാരി ദൃഷാന അബോധാവസ്ഥയിലായി. മുത്തശ്ശി ബേബി കൊല്ലപ്പെട്ടു. പ്രതി ഷെജിലിന്റെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് കാറാണ് ഇരുവരെയും ഇടിച്ചതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അപകടശേഷം കാർ നിർത്താതെ പോയി. തുടർന്ന് പ്രതി വിദേശത്തേക്ക് കടന്നു.


ആറായിരത്തോളം വാഹനങ്ങൾ പരിശോധിച്ചശേഷമാണ് കാർ കണ്ടെത്തിയതെന്നും ഭാര്യയോടൊപ്പം സഞ്ചരിച്ച ഷജിലാണ് കാർ ഓടിച്ചിരുന്നതെന്നും സ്പെഷ്യൽ ഗവ. പ്ലീഡർ പി സന്തോഷ്‌-കുമാർ കോടതിയെ അറിയിച്ചു. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌ പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. ദുബായിലായിരുന്ന പ്രതിയെ കോയമ്പത്തൂർ വിമാനത്താവളത്തിൽ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Home