നെയ്ത്തു കലാകാരൻ വി വാസുദേവൻ അന്തരിച്ചു

ബേപ്പൂർ (കോഴിക്കോട്): പ്രശസ്ത നെയ്ത്തു കലാകാരനും ബേപ്പൂർ നടുവട്ടം തസറ നെയ്ത്തു കേന്ദ്രം സ്ഥാപകനുമായ വടക്കിനിയേടത്ത് വി വാസുദേവൻ (76) അന്തരിച്ചു. ചൊവ്വ രാവിലെ ഒമ്പതോടെ കോഴിക്കോട് സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.
സ്കൂൾ, കോളേജ് വിദ്യാഭ്യാസ കാലം മുതൽ നെയ്ത്തു കല അഭ്യസിച്ചു. 1989 മുതലാണ് ബേപ്പൂർ നടുവട്ടത്ത് തസറ എന്ന പേരിൽ നെയ്ത്തു കേന്ദ്രം തുടങ്ങിയത്. ഇവിടെ കഴിഞ്ഞ 35 വർഷമായി മുടങ്ങാതെ സൂത്ര എന്ന പേരിൽ നടത്തിവന്ന രാജ്യാന്തര നെയ്ത്തു കലാ ശില്പശാലയുടെ നേതൃത്വവും വാസുദേവനായിരുന്നു. അമ്പതോളം വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ആധുനിക നെയ്ത്തു കലാപരിശീലന ശില്പശാലകൾ സംഘടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് 35മത് ശില്പശാല അവസാനിച്ചത്. തൊട്ടടുത്ത ദിവസം തിങ്കൾ വൈകിട്ടാണ് തലച്ചോറിലെ രക്തസ്രാവം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബേപ്പൂർ നടുവട്ടം പരേതരായ ഗോപാലൻ നായർ- ദേവകിയമ്മ എന്നിവരുടെ മൂത്ത മകനാണ്. നെയ്ത്തുകലാകാരിയും തസറ സ്ഥാപകാംഗവുമായ പരേതയായ ശാന്തകുമാരി, നെയ്ത്തുകലാകാരൻ കെ വി ബാലകൃഷ്ണൻ, വിജയ, രമണിദേവി (കുരുവട്ടൂർ) എന്നിവർ സഹോദരങ്ങളാണ്.








0 comments