വി ടിയുടെ ചിന്തകൾക്ക് പ്രസക്തിയേറുന്നു : മുഖ്യമന്ത്രി

വി ടി ഭട്ടതിരിപ്പാട് സ്മാരക സാംസ്‌കാരിക സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
കേരളത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കാൻ ചിലർ ശ്രമിക്കുമ്പോൾ വി ടി ഭട്ടതിരിപ്പാടിന്റെ ചിന്തകൾക്ക് പ്രസക്തിയേറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് ഗവ. മെഡിക്കൽ കോളേജിനുസമീപം അഞ്ച് ഏക്കറിൽ നിർമിച്ച വി ടി ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക ചരിത്രത്തിൽ മാറ്റങ്ങളുടെ കാലമായിരുന്നു വി ടിയുടേത്. അനാചാരങ്ങൾ ശീലമാക്കിയവരെ അദ്ദേഹം മനുഷ്യത്വത്തിലേക്ക് വഴിനടത്തി. സാമുദായിക പരിഷ്കരണം മാത്രമായിരുന്നില്ല ലക്ഷ്യം. ദേശീയ പ്രസ്ഥാനത്തോട് ചേർന്നുപ്രവർത്തിക്കാനും അദ്ദേഹം ഉദ്ദേശിച്ചിരുന്നു. അലഹബാദിലെ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തതിന് സമുദായത്തിൽനിന്ന് അദ്ദേഹത്തെ പുറത്താക്കി. എന്നാൽ അതേ സമുദായത്തിൽ നിന്നുതന്നെയാണ് ഇ എം എസ് മുഖ്യമന്ത്രിയായതെന്നത് ചരിത്രമാണ്.
സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും സോഷ്യലിസ്റ്റ് സങ്കൽപ്പവും ഇല്ലാതായാൽ കലയ്ക്കും സാഹിത്യത്തിനും നിലനിൽക്കാനാകില്ലെന്ന് നാം മനസ്സിലാക്കണം. സാധാരണക്കാർക്ക് അറിവ് പകർന്നുകൊടുക്കാനും സാഹിത്യകാരന്മാർക്ക് ചരിത്രം മനസ്സിലാക്കാനും ഈ സമുച്ചയം ഉപകാരപ്രദമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 68 കോടി ചെലവിൽ അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് സാംസ്കാരിക സമുച്ചയം നിർമിച്ചത്.
ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. മന്ത്രി എം ബി രാജേഷ്, വി കെ ശ്രീകണ്ഠൻ എംപി, എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, കെ ബാബു, കെ ഡി പ്രസേനൻ, കെ പ്രേംകുമാർ, കെ ശാന്തകുമാരി, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, കലക്ടർ ജി പ്രിയങ്ക, മുൻ മന്ത്രി എ കെ ബാലൻ, വി ടി ഭട്ടതിരിപ്പാടിന്റെ മകൻ വി ടി വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു.









0 comments