മുതലപ്പൊഴി: മേഖലയിൽ സംഘർഷമുണ്ടാക്കുന്നതിന് ആസൂത്രിത ശ്രമം- മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : മുതലപ്പൊഴി വിഷയത്തിൽ ഒരു വിഭാഗം മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേഖലയിൽ സംഘർഷമുണ്ടാക്കുന്നതിന് ആസൂത്രിത ശ്രമമുണ്ട്. മണൽ നീക്കാനുള്ള തീരുമാനം ഉണ്ടായത് മന്ത്രിമാരുടെ യോഗത്തിലാണ്.
മണലടിഞ്ഞ് മത്സ്യബന്ധനത്തിന് തടസമില്ലാത്ത സാഹചര്യം ഉണ്ടാകണം. നിലവിൽ 4 എക്‌സ്‌കവേറ്റർ, ജെസിബി, ഡ്രഡ്ജർ, മണൽ നീക്കം ചെയ്യാൻ ടിപ്പറുകൾ തുടങ്ങിയവ പ്രവർത്തിക്കുന്നുണ്ട്. 2 എക്‌സ്‌കവേറ്റർ കൂടി ഉടൻ എത്തും. കണ്ണൂരിൽ നിന്നുള്ള വലിയ ഡ്രഡ്ജർ ബേപ്പൂർ പിന്നിട്ടുകഴിഞ്ഞു.
മണൽ നീക്കാതിരുന്നാൽ 5 പഞ്ചായത്തുകൾക്ക് വെള്ളപ്പൊക്ക ഭീഷണിയുണ്ടാകും. 177 കോടി രൂപയുടെ തുറമുഖ വികസന പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചിട്ടുണ്ട്. ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. ഈ നടപടികൾ മുന്നോട്ടു പോകുന്നതിനും മണൽ നീക്കം അനിവാര്യമാണ്. അതിനിടയിൽ എംഎൽഎയുടെ ഓഫീസിനു നേരെയുണ്ടായ ആക്രമണമടക്കം രാഷ്ട്രീയപ്രേരിതമാണ്. പദ്ധതി എൽഡിഎഫ് ഭരണകാലത്ത് നടക്കാൻ പാടില്ല എന്ന രാഷ്ട്രീയ അജൻഡയുടെ ഭാഗമായാണ് ഒരു വിഭാഗം രംഗത്തുവരുന്നതെന്നും മന്ത്രി പറഞ്ഞു.
എംഎൽഎയുടെ ഓഫീസിനു നേരെയുണ്ടായ ആക്രമണം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആസൂത്രിത ഗൂഡാലോചനയാണെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.









0 comments