ജനനായകന് കൊല്ലത്തിന്റെ വീരവണക്കം

vs kollam

വി എസിന്റെ വിലാപയാത്ര കൊല്ലം ജില്ലയില്‍ പ്രവേശിച്ചപ്പോള്‍- ഫോട്ടോ: വി കെ അഭിജിത്ത്‌

avatar
ജയൻ ഇടയ്‌ക്കാട്‌

Published on Jul 23, 2025, 01:21 AM | 2 min read

കൊല്ലം: ജീവിതം സമരമാക്കുകയും ജനകോടികളെ സമരസജ്ജരാക്കുകയും ചെയ്‌ത നൂറ്റാണ്ടിന്റെ ജനനായകന്‌ പോരാട്ടങ്ങളുടെ ചരിത്രഭൂമികയിൽ വീരവണക്കം. കർമവഴികളിൽ കൊല്ലത്തെ എന്നും നെഞ്ചോടുചേർത്ത ധീരനേതാവിനെ ഒരുനോക്ക്‌ കാണാനും അന്ത്യാഭിവാദ്യം അർപ്പിക്കാനും ദേശീയപാതയുടെ ഇരുഭാഗത്തും കൊല്ലം കാത്തുനിൽക്കുകയാണ്‌. ഇടനെഞ്ചിൽ ഇപ്പോൾ നീറുന്നൊരു മുദ്രാവാക്യമായി വി എസ്‌ എന്ന രണ്ടക്ഷരം മാത്രം. കണ്ണും കരളുമായി, ഉയിരും ഉശിരുമായി ജനഹൃദയങ്ങളിലുണ്ട്‌ വി എസ്‌ എന്ന്‌ കാത്തുനിൽക്കുന്നവരുടെ ഓരോരുത്തരുടെയും മുഖത്ത്‌ തിരിച്ചറിയാം.


ഇന്നലെ മരണവിവരം അറിഞ്ഞപ്പോഴും ഇന്ന്‌ രാവിലെ മൃതദേഹം പൊതുദർശനത്തിന്‌ വച്ചപ്പോഴും തലസ്ഥാനത്ത്‌ ജനസാഗരമായിരുന്നു. വിലാപയാത്ര തുടങ്ങിയതോടെ സാഗരം അലയടിയായി, അലമുറയായി വാനിൽ ഉയർന്നു. മണിക്കൂറുകൾ എടുത്താണ്‌ തിരുവനന്തപുരത്തെ ഓരോ സ്വീകരണകേന്ദ്രവും കടക്കുന്നത്‌. ഇനി വി എസ്‌ എത്തുന്നത്‌ നമ്മുടെ കൊല്ലത്തേക്കാണ്‌. ജന്മം കൊണ്ട്‌ ആലപ്പുഴയാണെങ്കിലും വി എസ്‌ എന്നും ഏറെ ഇഷ്ടപ്പെട്ടിരുന്ന നാടാണ്‌ കൊല്ലം. കരുതലും കൈത്താങ്ങുമായി വി എസിന്റെ കൈയൊപ്പ്‌ പതിഞ്ഞ നിരവധി അടയാളങ്ങൾ കൊല്ലത്തിന്റെ നാട്ടിടങ്ങളിലും നഗരങ്ങളിലും യഥേഷ്ടം കാണാനുണ്ട്‌. സിപിഐ എം സംസ്ഥാന സെക്രട്ടറി, എൽഡിഎഫ്‌ കൺവീനർ, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്‌ എന്നീ നിലകളിലൊക്കെ വി എസ്‌ കൊല്ലത്തിനുവേണ്ടി നടത്തിയത്‌ എണ്ണിയാലൊടുങ്ങാത്ത ഇടപെടലുകൾ, പോരാട്ടങ്ങൾ. കൊല്ലം ചരിത്രം അടയാളപ്പെടുത്തിയ ഏറ്റവും വലിയ കശുവണ്ടിത്തൊഴിലാളി സമരത്തിലും നായകനായി വി എസ്‌ ഉണ്ടായിരുന്നു.


ജില്ലയിൽ 8 കേന്ദ്രത്തിൽ അന്ത്യാഞ്ജലി


വിലാപയാത്രയുടെ ഭാ​ഗമായി ജില്ലയിൽ എട്ടുകേന്ദ്രത്തിൽ അന്ത്യാഞ്ജലിക്ക്‌ സൗകര്യമുണ്ട്‌. ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണമാണ് ആദ്യകേന്ദ്രം. അടുത്ത കേന്ദ്രമായ പാരിപ്പള്ളിയിൽ കടയ്ക്കൽ, ചടയമംഗലം ഏരിയകളിൽനിന്നുള്ളവർക്ക്‌ സൗകര്യം ഏർപ്പെടുത്തി. ചാത്തന്നൂരിൽ ചാത്തന്നൂർ, പുനലൂർ, കുന്നിക്കോട്‌ ഏരിയകളിൽനിന്നുള്ളവരും കൊട്ടിയത്ത്‌ അഞ്ചൽ, പത്തനാപുരം, കൊട്ടിയം ഏരിയകളിൽനിന്നുളളവരും എത്തിക്കഴിഞ്ഞു. ജില്ലാ കേന്ദ്രമായ ചിന്നക്കടയിൽ ബസ്ബേയിലാണ് സൗകര്യം.


കൊല്ലം, കൊല്ലം ഈസ്റ്റ്, കുണ്ടറ, നെടുവത്തൂർ, കൊട്ടാരക്കര ഏരിയകളിൽനിന്നുള്ളവർ കൊല്ലത്ത്‌ മണിക്കൂറുകൾക്ക്‌ മുമ്പ്‌ എത്തി. കാവനാട്‌ കേന്ദ്രത്തിൽ അഞ്ചാലുംമൂട് ഏരിയയിൽനിന്നുള്ളവരും ചവറ ബസ്‌‌സ്റ്റാൻഡിൽ ചവറയിൽനിന്നുള്ളവരും കേന്ദ്രീകരിച്ചു. കരുനാഗപ്പള്ളിയിൽ കരുനാഗപ്പള്ളി, കുന്നത്തൂർ ഏരിയകളും ഓച്ചിറയിൽ ശൂരനാട്ടുകാരും പ്രിയ സഖാവിന്‌ അന്ത്യാഞ്ജലി അർപ്പിക്കാൻ കാത്തുനിൽക്കുന്നു. അന്ത്യാഞ്ജലി അർപ്പിക്കുന്ന കേന്ദ്രങ്ങളിൽ വി എസ്‌ ജീവിതത്തിലെ ഊർജവും വെളിച്ചവും ആയിരുന്നത്‌ എങ്ങനെയെന്നതിന്റെ അനുഭവസാക്ഷ്യം നൂറുകണക്കിനുപേർ പങ്കുവയ്‌ക്കുന്നുണ്ട്‌ ഇപ്പോൾ...



deshabhimani section

Related News

View More
0 comments
Sort by

Home