ഓർമകൾ സ്പന്ദിക്കുന്നു ; നിലയ്‌ക്കാതെ ജനപ്രവാഹം

ആലപ്പുഴ വലിയചുടുകാട്ടിൽ വി എസ് അച്യുതാനന്ദന്റെ ചിതയ്ക്കരികിൽ പുഷ്പങ്ങൾ അർപ്പിക്കുന്ന കുട്ടികൾ
ഗോകുൽ ഗോപി
Published on Jul 25, 2025, 02:32 AM | 1 min read
ആലപ്പുഴ
ചിതയിൽ കനലടങ്ങിയിട്ടും ജനമനസ്സിൽ അണയാത്ത അഗ്നിയായി വി എസ്. ഒരു നൂറ്റാണ്ട് നിറഞ്ഞു ജീവിച്ച് നിസ്വജനങ്ങളെ നിവർന്നുനിൽക്കാൻ പഠിപ്പിച്ച സമര മാനിഫെസ്റ്റോയുടെ പേരായിരുന്നു അത്. ആ കാലത്തിന്റെ ഓർമകളിലേക്ക് പിന്നെയും പിന്നെയും തോരാമഴ പോലെ ജനസഞ്ചയമെത്തി. രണസ്‌മരണകൾ സപ്‌ന്ദിക്കുന്ന വലിയചുടുകാട്ടിലേക്ക് വ്യാഴാഴ്‌ചയും നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. സിപിഐ എമ്മിന്റെ സമുന്നത നേതാവ് നടന്നു തീർത്ത സമരപാതകളിലൂടെ, ജനനായകനെ ഹൃദയത്തോട് ചേർത്ത് വച്ച മനുഷ്യർ ഇടറുന്ന പാദങ്ങളോടെ ഒഴുകിയെത്തി. വീരേതിഹാസം ഉറങ്ങുന്ന മണ്ണിൽ കണ്ണീർ പൂക്കളർപ്പിച്ചു. അവരിൽ വയോധികരും കുട്ടികളും സ്‌ത്രീകളുമുണ്ട് അവസാനകാഴ്ചയ്‌ക്ക് അവസരമില്ലാതെപോയവർ കനലോർമകൾക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ചു. അവരർപ്പിച്ച പൂക്കൾമൂടി കുഴിമാടം അരുണാഭമായി.
പലരും കുടുംബസമേതമാണ് എത്തിയത്. രാവിലെ മകൻ വി എ അരുൺകുമാറും മകൾ ഡോ. വി ആശയും ഭർത്താവ് തങ്കരാജും മക്കളായ അർജുനും അരവിന്ദും ചുടുകാട്ടിലെത്തിയിരുന്നു.
മരണവാർത്ത അറിഞ്ഞതു മുതൽ പതിനായിരങ്ങളാണ് ആലപ്പുഴയിലെത്തിയത്. ലോഡ്‌ജുകളും ഹോട്ടലുകളും എല്ലാം നിറഞ്ഞു. ചിലർ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ തങ്ങി. മറ്റുചിലർ മഴയും ഇരുട്ടും കൂസാതെ തെരുവിലും ഇടവഴികളിലും രാപ്പാർത്തു. വ്യാഴാഴ്ച വലിയ ചുടുകാട്ടിലെത്തി വി എസിന് ഒരിക്കൽകൂടി അന്ത്യാഞ്ജലി അർപ്പിച്ചാണ് പലരും മടങ്ങിയത്. സന്ധ്യയായതോടെ ജനത്തിരക്കിൽ ചുടുകാട് വീണ്ടുംനിറഞ്ഞു, ഓർമകളിൽ നനഞ്ഞു. പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലും നിരവധി പേരെത്തി.









0 comments