ഇമ്പേഷ്യസ്‌ അച്യുതാനന്ദനി ; കാട്ടുകാശിത്തുമ്പയിൽ വി എസിന്‌ നിത്യസ്മരണ

V S Achuthanandan
avatar
ടി എസ്​ അഖിൽ

Published on Jul 25, 2025, 02:48 AM | 1 min read


പാലക്കാട്​

വി എസ്​ അച്യുതാനന്ദൻ എന്ന പ്രിയ നേതാവിന്റെ ഓർമകൾ പേരിൽപേറി ഒരു കാട്ടുകാശിത്തുമ്പ. തിരുവനന്തപുരം കല്ലാറിലെ മലഞ്ചെരുവുകളിൽ സസ്യ ഗവേഷകർ നാലുവർഷം മുമ്പ് കണ്ടെത്തിയ കൊച്ചുപൂച്ചെടിയാണ് സസ്യലോകത്ത്‌ ‘ഇമ്പേഷ്യസ്​ അച്യുതാനന്ദനി’ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ഇനിയത് വി എസിന്റെ നിത്യ സ്മാരകമാകും. 2021ൽ പശ്ചിമഘട്ടത്തിലെ കല്ലാർ വനമേഖലയിൽ കണ്ടെത്തിയ കുഞ്ഞൻ കാട്ടുകാശിത്തുമ്പയ്ക്കാണ്​ ഗവേഷകർ അന്ന് വി എസിന്റെ പേര്​ നൽകിയത്​.


തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ബോട്ടണി വിഭാഗം ഗവേഷക സിന്ധു ആര്യ, ഡോ. വി എസ് അനിൽകുമാർ, പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എം ജി ഗോവിന്ദ്, പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ ഡോ. വി സുരേഷ്, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ ലബോറട്ടറി ഓഫ് ഇമ്യൂണോ ഫാർമക്കോളജി ആൻഡ് എക്സ്പിരിമെന്റൽ തെറാപ്യൂട്ടിക്സിലെ ഡബ്ല്യു കെ വിഷ്ണു എന്നിവർചേർന്നാണ് ചെടി കണ്ടെത്തിയത്​.


വെളുപ്പും വെണ്ണപ്പാളിനിറവുംചേർന്ന ഇതളുകളുള്ള ചെടിയുടെ വെള്ളപ്പൂവിനകത്ത് മഞ്ഞ പൊട്ടുമുണ്ട്​. കാഴ്ചയിലും സുന്ദരം​. ബൾഗേറിയൻ അക്കാദമി ഓഫ്​ സയൻസിന്റെ അന്താരാഷ്​ട്ര സയൻസ്​ ജേർണലായ ‘ഫൈറ്റോകീസി’ൽ (Phyto Keys) പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സസ്യത്തെ ആദ്യം പരിചയപ്പെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home