കണ്ണീർക്കയമായി വേലിക്കകം വീട്

ഗോകുൽ ഗോപി
Published on Jul 24, 2025, 03:18 AM | 1 min read
ആലപ്പുഴ
മുദ്രാവാക്യങ്ങൾ തീർത്ത ഇടിമുഴക്കത്തിന്റെ അകമ്പടിയിൽ വേലിക്കകം വീട് പ്രിയപ്പെട്ടവന് അന്ത്യയാത്ര ചൊല്ലുമ്പോൾ തോരാമഴയായിരുന്നു, പ്രകൃതിയിലും ജനമനസ്സിലും. സഖാവായും സഹോദരനായും അച്ഛനായും വി എസ് നിറഞ്ഞുനിന്ന വീട് വിടചൊല്ലാൻ മടിച്ചു.
ആ വീട്ടിലേക്ക് ചൊവ്വ രാത്രിമുതൽ ജനപ്രവാഹമായിരുന്നു. ഇതേ വീട്ടിൽ വി എസിനെ നേരിട്ട് കണ്ടവരും ആവലാതിയും ബുദ്ധിമുട്ടും പങ്കുവച്ചവരും ഓർമകളിൽ വീർപ്പുമുട്ടി. തോരാമഴയറിയാതെ, ഇരുട്ടി വെളുത്തതറിയാതെ മണിക്കൂറുകൾ കാത്തുനിന്ന് അവർ വി എസിനെ ഒരിക്കൽകൂടി കണ്ടു.
ജാതീയപരിഹാസങ്ങൾക്കെതിരെ വി എസ് ആദ്യപോരാട്ടം നടത്തിയ കളർകോട് എൽപി സ്കൂളിനുമുന്നിലെ ജനസഞ്ചയത്തിന്റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിലാപയാത്ര. ജനക്കൂട്ടം ഒഴുകിയെത്തിയതോടെ റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് മൃതദേഹം കൊണ്ടുപോകാൻ ഏറെ വൈകി. പാർടി നേതാക്കൾക്കൊപ്പം മകൻ വി എ അരുൺകുമാറുംചേർന്ന് മൃതദേഹം തിരികെ വാഹനത്തിലേക്ക് എത്തിച്ചു. അവസാന കാഴ്‌ചയ്‌ക്കെത്തിയ ജനം, പോരാട്ടത്തിനുള്ള ഊർജ്ജമാകും ആ ഓർകളെന്ന പ്രതിജ്ഞ ഉളളിലും ഉറക്കെയും ഉറപ്പിച്ചാവർത്തിച്ചു.









0 comments