വിവാദങ്ങളുമായി സർക്കാരിനെ ബന്ധപ്പെടുത്തി 
 തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷ ശ്രമം

ശബരിമല വിവാദങ്ങളിൽ സർക്കാരിന്‌ ബന്ധമില്ല : വി എൻ വാസവൻ

V N Vasavan press meet
വെബ് ഡെസ്ക്

Published on Oct 07, 2025, 02:59 AM | 3 min read


തിരുവനന്തപുരം

ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിലോ ദ്വാരപാലക ശിലാപ-ീഠത്തിന്റെ കാര്യത്തിലോ സർക്കാരിന്‌ പങ്കില്ലെന്ന്‌ മന്ത്രി വി എൻ വാസവൻ. ശബരിമലയിൽ വികസനം കൊണ്ടുവരിക, അയ്യപ്പഭക്തർക്ക്‌ കൂടുതൽ സ‍ൗകര്യമേർപ്പെടുത്തുക തുടങ്ങിയവയാണ്‌ സർക്കാർ ചെയ്യുന്നത്‌. എന്നാൽ വിവാദങ്ങളുമായി സർക്കാരിനെ ബന്ധപ്പെടുത്തി തെറ്റിദ്ധരിപ്പിക്കാനാണ്‌ പ്രതിപക്ഷ ശ്രമമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശബരിമലയിലെ ദ്വാരപാലക ശിലാപീഠം കാണാനില്ലെന്ന്‌ പരാതിപറഞ്ഞ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽനിന്നാണ്‌ അത്‌ കണ്ടെത്തിയത്‌. ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ പരാതിക്കുപിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന്‌ സംശയമുയരുന്നു. കാണാതായത്‌ 2019ലാണ്‌. അതാണ്‌ ദേവസ്വം വിജിലൻസ്‌ ഇപ്പോൾ കണ്ടെത്തിയത്‌. ഇപ്പോൾ സ്വർണപാളികൾ അറ്റകുറ്റപ്പണിക്ക്‌ കൊണ്ടുപോയത്‌ നടപടിക്രമങ്ങൾ പാലിച്ചാണ്‌. അത്‌ കോടതിയും അംഗീകരിച്ചു. എന്നാൽ വിവാദമായത്‌ ഇപ്പോഴത്തെ കാര്യമാണെന്ന നിലയിൽ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നു.


നാലുകിലോ സ്വർണം അടിച്ചുമാറ്റി എന്നൊക്കെയാണ്‌ അവർ നിയമസഭയിലും പറഞ്ഞത്‌. സഭയെ തെറ്റിദ്ധരിപ്പിച്ചതിന്‌ അവർ മാപ്പുപറയണം. 2019ൽ ഉണ്ണികൃഷ്‌ണൻ പോറ്റിയെ അറ്റകുറ്റപ്പണിക്കായി സ്വർണപാളി ഏൽപിച്ചതാണ്‌ വിഷയം. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പരിശോധിക്കട്ടെ. 1998ൽ വിജയ്‌ മല്യ നൽകിയ സ്വർണത്തിന്റെ തൂക്കം രേഖപ്പെടുത്തിയത്‌ പൊതുമരാമത്ത്‌ ഉദ്യോഗസ്ഥരാണ്‌. പിന്നീടാണ്‌ കോടതി വിധി പ്രകാരം ദേവസ്വം ഉദ്യോഗസ്ഥർക്ക്‌ ചുമതലയായത്‌. അതിനാലാണ്‌ 1998മുതലുള്ളവ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെടുന്നത്‌.


ദേവസ്വം ബോർഡ്‌ ആഗോള അയ്യപ്പസംഗമം നടത്തിയത്‌ ശബരിമലയുടെ വികസനത്തിനാണ്‌. അതിലെ നിർദേശങ്ങളും റിപ്പോർട്ടുകളും ക്രോഡീകരിച്ച്‌ രൂപരേഖ തയ്യാറാക്കും. അയ്യപ്പസംഗമത്തിന്റെ വരവുചെലവ്‌ 45 ദിവസത്തിനകം പരസ്യപ്പെടുത്തും. ബോർഡ്‌ മുൻകൂട്ടി ചെലവഴിച്ചത്‌ സ്‌പോൺസർഷിപ്പിലെ തുക വരുന്പോൾ വരവുവയ്‌ക്കും. ബഹിഷ്‌കരിച്ച രാഷ്‌ട്രീയ കൂട്ടങ്ങൾക്ക്‌ സംഗമം വിജയിച്ചപ്പോൾ പ്രയാസമായി. ക്ഷണിച്ച്‌ വരാതിരുന്നിട്ട്‌ കുശുന്പ്‌ പറഞ്ഞിട്ട്‌ കാര്യമില്ല. പ്രതിപക്ഷത്തിന്‌ ക്രിയാത്മക നിലപാടുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.




പുകമറ മാറും, സത്യം തെളിയും ; കർശന നടപടിക്ക്‌ ബോർഡും

അയ്യപ്പസംഗമ സാഹചര്യത്തിൽ ശബരിമലയുടെ പേരിൽ രാഷ്‌ട്രീയ മുതലെടുപ്പിന്‌ ശ്രമിച്ച പ്രതിപക്ഷത്തിനും ബിജെപിക്കും കിട്ടിയ തിരിച്ചടിയാണ്‌ ഹൈക്കോടതി മേൽനോട്ടത്തിലുള്ള സമഗ്രാന്വേഷണം. കുറ്റം ചെയ്ത ഒരാൾ പോലും രക്ഷപ്പെടാതിരിക്കാൻ പഴുതടച്ച അന്വേഷണമാണ്‌ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ആഗ്രഹിച്ചതും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടതും. ഇപ്പോൾ ഹൈക്കോടതി ഉത്തരവിട്ടതും ഇതേ ആവശ്യം പരിഗണിച്ചുകൊണ്ടാണ്‌. ദേവസ്വം വിജിലൻസിന്റെ കണ്ടെത്തലും ചില ഉദ്യോഗസ്ഥരുടെ വെട്ടിപ്പ്‌ രീതിയും ‘ ഷോക്കിങ്‌ ’ ആണെന്നാണ്‌ കോടതി വിലയിരുത്തിയത്‌. ഇത്തരത്തിൽ പരാമർശിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നപടി എടുക്കുമെന്ന്‌ തിരുവിതാംകൂർ ദേവസ്വം ബോർഡും വ്യക്തമാക്കിയിട്ടുണ്ട്‌.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കോൺഗ്രസ്‌ നേതാക്കൾ പല വിഷയങ്ങളിലായി വ്യാജഅഴിമതി ആരോപണം ഉയർത്തുന്നതും കോടതിയിൽ പോകുന്നതും തിരിച്ചടി വാങ്ങി മടങ്ങുന്നതും 2016 മുതൽ കാണുന്ന കാഴ്‌ചയാണ്‌.


എന്നാൽ, ശബരിമലയുമായി ബന്ധപ്പെട്ട്‌ കോൺഗ്രസ്‌ പുകമറ സൃഷ്ടിക്കുന്നതിന്‌ പിന്നിൽ അഴിമതിക്കാരായ സ്വന്തം ‘ടീ’ മിനെ രക്ഷിക്കാനുള്ള തത്രപ്പാടാണ്‌. ഉണ്ണിക്കൃഷ്ണൻ പോറ്റി അടക്കമുള്ള പല അവതാരങ്ങളും ശബരിമലയിൽ താവളമുണ്ടാക്കിയത്‌ യുഡിഎഫ്‌ സർക്കാരുകളുടെ കാലത്താണ്‌.


കോൺഗ്രസ്‌ നേതാവായിരുന്ന ജി രാമൻനായരുടെ കാലത്തായിരുന്നു നിയമന കൊള്ള. അക്കാലത്താണ്‌ ജസ്‌റ്റിസ്‌ പരിപൂർണൻ കമ്മീഷനെ ഹൈക്കോടതി വച്ചത്‌. വി എസ്‌ ശിവകുമാർ ദേവസ്വം മന്ത്രിയായിരിക്കെയാണ്‌ സഹോദരനെ അവിടെ വാഴിച്ച്‌ കോടികൾ വെട്ടിയത്‌. ഹൈക്കോടതിയാണ്‌ നടപടിയെടുത്ത്‌ പെൻഷനടക്കം തടഞ്ഞത്‌. പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരിക്കെ ബോർഡംഗമായിരുന്ന കോൺഗ്രസ്‌ നേതാവ്‌ അജയ്‌ തറയിൽ ആയിരുന്നു ‘ ഭരണം’. വ്യാജ ബില്ലിൽ ഭീമമായ യാത്രാപ്പടി, അന്നദാനം കരാർ, മരാമത്ത് തുടങ്ങിയ നിരവധി അഴിമതിയാരോപണങ്ങളുടെ പേരിൽ തറയിൽ വിജിലൻസ് അന്വേഷണം നേരിട്ടിരുന്നു.


യുഡിഎഫ്‌ ഭരണകാലത്ത്‌ ദേവസ്വം ബോർഡിലുള്ളവരെ കൊണ്ട്‌ കൊള്ളനടത്തിച്ച്‌ വീതം വാങ്ങിച്ച ശീലം വച്ചാണ്‌ ഇപ്പോൾ സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നത്‌.


ശബരിമലയെ 
ആക്ഷേപിച്ച്‌ 
എഐ വീഡിയോ; 
കോൺഗ്രസുകാരന് എതിരെ കേസ്‌

ശബരിമലയെ ആക്ഷേപിക്കുന്ന എഐ വീഡിയോ പ്രചരിപ്പിച്ച്‌ കോൺഗ്രസുകാരും മുസ്ലിംലീഗുകാരും. കോൺഗ്രസുകാരനായ കാഞ്ഞങ്ങാട്‌ സ്വദേശി ജാഫർ ചിത്താരിയാണ്‌ മതവിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോ ഫെയ്‌സ്ബുക്കിൽ പോസ്‌റ്റുചെയ്‌തത്‌. ഗൾഫിലാണ്‌ ഇയാൾ ജോലിചെയ്യുന്നത്‌. ഇ‍ൗ വീഡിയോ വ്യാപകമായി ലീഗുകാരും കോൺഗ്രസുകാരും ഏറ്റെടുത്ത്‌ പ്രചരിപ്പിക്കുകയാണ്‌. മതവിദ്വേഷം പ്രചരിപ്പിച്ച്‌ കലാപത്തിന്‌ ആഹ്വാനംചെയ്യുന്ന ജാഫർ ചിത്താരിക്കെതിരെ ഡിവൈഎഫ്‌ഐ ഹൊസ്‌ദുർഗ്‌ വില്ലേജ്‌ സെക്രട്ടറി സുബിൻ നൽകിയ പരാതിയിൽ ഹൊസ്‌ദുർഗ്‌ പൊലീസ്‌ കേസെത്തു.


​മുസ്ലിംലീഗ്‌ ആർഎസ്‌എസിനെ വളർത്തുന്നുവെന്ന്‌ ഡോ. പി സരിൻ പ്രസംഗിച്ചതിനെത്തുടർന്ന്‌ ലീഗുകാർ വ്യാപക സൈബർ ആക്രമണമാണ്‌ നടത്തുന്നത്‌. ഇതുമായി ബന്ധപ്പെട്ട്‌ ലീഗ്‌ നേതാവിന്റെ ഒരു പ്രസംഗവീഡിയോയ്‌ക്ക്‌ കമന്റായാണ്‌ ജാഫർ ചിത്താരി ‘കേരള ജനത ഇക്കാര്യം മറക്കരുത്‌’ എന്നാഹ്വാനംചെയ്‌ത്‌ മുഖ്യമന്ത്രിയെ ചേർത്തുള്ള എഐ വീഡിയോ പോസ്‌റ്റുചെയ്‌തത്‌.



deshabhimani section

Related News

View More
0 comments
Sort by

Home