കേന്ദ്രീകൃത ചരക്കുഗതാഗതം
അഞ്ച് തുറമുഖങ്ങൾ ബന്ധിപ്പിച്ചുള്ള പദ്ധതിക്ക് രൂപം നൽകും : മന്ത്രി വി എൻ വാസവൻ

കണ്ണൂർ
സംസ്ഥാനത്തെ അഞ്ച് തുറമുഖങ്ങൾ ബന്ധിപ്പിച്ച് കേന്ദ്രീകൃത ചരക്കുഗതാഗതത്തിന് രൂപംനൽകുമെന്ന് മന്ത്രി വി എൻ വാസവൻ. കോവളം, വിഴിഞ്ഞം, കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങൾ ബന്ധിപ്പിച്ചാണ് പദ്ധതിയൊരുക്കുക. ഇതുവഴി ചരക്കുഗതാഗതം പത്തു മുതല്‍ 30 ശതമാനം വരെ ജലമാര്‍ഗമാക്കാനാകും. വാഹന ബാഹുല്യവും കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ അളവും കുറയ്‌ക്കുന്നതിനൊപ്പം ചെലവ് നിയന്ത്രിച്ച് ചരക്കുകള്‍ സമയത്തെത്തിക്കാനും വഴിയൊരുക്കും. കണ്ണൂർ അഴീക്കലിൽ ‘വിഷൻ 2031’ സംസ്ഥാന തുറമുഖ വികസന സദസ് ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് വിഴിഞ്ഞം തുറമുഖത്തെ ലോകത്തിന്റെ നെറുകയിലേക്കെത്തിച്ചത്. നിരവധി വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിച്ചാണ് തുറമുഖ നിർമാണം പൂർത്തീകരിച്ചത്. എന്നാൽ, പ്രതീക്ഷിച്ചതിൽ കൂടുതൽ കൈകാര്യംചെയ്യുന്ന നിലയിലേക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം മാറി. 2028 ഓടെ രാജ്യത്തിന്റെ പ്രധാന പ്രവേശനകവാടത്തിലൊന്നായും മാറും. ഡിസംബറില്‍ അപ്രോച്ച് റോഡ് കമീഷന്‍ചെയ്‌താൽ കരയിലൂടെയും ജലത്തിലൂടെയുമുള്ള ചരക്കുഗതാഗതം വൻ മുന്നേറ്റം സൃഷ്ടിക്കും.
തുറമുഖരംഗത്തെ പരിശീലനം, വിദ്യാഭ്യാസം എന്നിവയ്‌ക്കായി മാരി ടൈം ബോര്‍ഡിനുകീഴിൽ നീണ്ടകരയിലും കൊടുങ്ങല്ലൂരിലുമുള്ള സ്ഥാപനങ്ങൾ മാറ്റിയെടുക്കും. ഇതിന് ധാരണാപത്രമായിട്ടുണ്ട്. ബേപ്പൂര്‍ – ലക്ഷദ്വീപ് ചരക്ക് ഗതാഗതത്തിനായുള്ള പരിസ്ഥിതി ആഘാത പഠനം ഉള്‍പ്പെടെ നടക്കുകയാണ്.
കൊച്ചിയില്‍നിന്ന് ദുബായിലേക്ക് യാത്രാക്കപ്പൽ ആരംഭിക്കാനുള്ള സാധ്യതയും യാഥാര്‍ഥ്യമാക്കേണ്ടതുണ്ട്. അഴീക്കലിൽ മലബാർ ഇന്റർനാഷണൽ പോർട്ടിന്റെ പ്രവർത്തനങ്ങളും ഇൗ വർഷം ആരംഭിക്കും. കേരളത്തിന്റെ സമുദ്രതീരത്ത് തുറമുഖത്തിനായി പ്രഖ്യാപനംനടത്തിയ മേഖല കേന്ദ്രീകരിച്ച് സമുദ്രാധിഷ്ഠിത വ്യവസായങ്ങള്‍ ഉള്‍പ്പെടെ എങ്ങനെ വളര്‍ത്തിയെടുക്കാം എന്നതില്‍ അഭിപ്രായ രൂപീകരണത്തിനുള്ള സാഹചര്യമാണ് സെമിനാറിലൂടെ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.









0 comments