അയ്യപ്പസംഗമം ; ക്ഷണിക്കാൻചെന്നത്‌ 
പ്രതിപക്ഷനേതാവിന്റെ സമയം അന്വേഷിച്ചശേഷം : വി എൻ വാസവൻ

v n vasavan
വെബ് ഡെസ്ക്

Published on Sep 05, 2025, 02:53 AM | 1 min read


കോട്ടയം

പ്രതിപക്ഷ നേതാവിന്‌ സ‍ൗകര്യപ്രദമായ സമയം വിളിച്ച്‌ അന്വേഷിച്ചശേഷമാണ്‌ ആഗോള അയ്യപ്പസംഗമത്തിലേക്ക്‌ ക്ഷണിക്കാൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ ചെന്നതെന്ന്‌ മന്ത്രി വി എൻ വാസവൻ പറഞ്ഞു. രണ്ടിന്‌ കാണാമെന്ന്‌ പ്രതിപക്ഷ നേതാവ്‌ പറഞ്ഞിരുന്നു. ക്ഷണിക്കാൻ ചെന്നപ്പോൾ‍, കിടക്കുകയാണെന്നാണ്‌ പേഴ്‌സണൽ സ്‌റ്റാഫ്‌ പറഞ്ഞത്‌. കത്ത്‌ തന്നാൽ കൊടുക്കാമെന്ന്‌ പറഞ്ഞപ്പോൾ കത്ത്‌ കൊടുത്തു.


പ്രതിപക്ഷത്തുള്ള എല്ലാവർക്കും അയ്യപ്പസംഗമത്തോട്‌ എതിർപ്പില്ല. ഒരാൾ മാത്രമേ അത്തരം അഭിപ്രായം പറഞ്ഞുള്ളൂ. ഇതിൽ രാഷ്‌ട്രീയവും ജാതിയും മതവുമില്ല. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെട്ട്‌ അയ്യപ്പഭക്തരുടെ സംഗമം നടത്തുന്നു എന്നേയുള്ളൂ.


അവിടെ എല്ലാ സ‍ൗകര്യവും ഒരുക്കുകയാണ്‌ പ്രധാനം. ബദൽ അയ്യപ്പസംഗമം നടത്തുന്നത്‌ അവരുടെ സ്വാതന്ത്ര്യമാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.


അയ്യപ്പസംഗമം: മറുപടിയില്ലാതെ സതീശൻ

ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ കോൺഗ്രസിലും യുഡിഎഫിലും ആശയക്കുഴപ്പം തുടരുന്നു. സംഗമത്തിൽ പങ്കെടുക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ ഞങ്ങൾ അവിടെ പോകുന്നോ, ഇല്ലയോ എന്നത്‌ അപ്രധാനമാണെന്നായിരുന്നു പ്രതിപക്ഷനേതാവ്‌ വി ഡി സതീശന്റെ മറുപടി. അവിടെ രാഷ്ട്രീയ സമ്മേളനമല്ലല്ലോ നടക്കുന്നതെന്നും സതീശൻ പറഞ്ഞു.


സംഘാടകസമിതിയിൽ ഉൾപ്പെടുത്തിയത്‌ ചോദിക്കാതെയാണ്‌. ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ വസതിയിലേക്ക്‌ വരുന്നത്‌ മുൻകൂട്ടി പറഞ്ഞിരുന്നില്ല. അറിയിച്ചിട്ട്‌ വരണമായിരുന്നു.


രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിലുണ്ടാകുമോയെന്ന കാര്യം എല്ലാവരുമായി ആലോചിച്ച്‌ തീരുമാനിക്കും. യൂത്ത്‌ കോൺഗ്രസ്‌ അധ്യക്ഷന്റെ കാര്യം അവരുടെ അഖിലേന്ത്യാ കമ്മിറ്റി തീരുമാനിക്കും. മാങ്കൂട്ടത്തിലിന്‌ എതിരെ എടുത്ത നിലപാടിൽ താൻ ആക്ഷേപം കേൾക്കുന്നതായും സതീശൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home