സർപ്രൈസിന്റെ ക്ലൈമാക്‌സ് പൊളിഞ്ഞു
print edition സ്‌റ്റാർട്ടും ആക്‌ഷനും കട്ടും എല്ലാം ഒരുമിച്ചായതോടെ സ്ഥാനാർഥിത്വം പിൻവലിക്കേണ്ട ജാള്യത്തിലാണ് യുഡിഎഫും ഡിസിസി നേതൃത്വവും

കോഴിക്കോട്
ഇപ്പൊ ശര്യാക്കിത്തരാമെന്ന് പറഞ്ഞ് കോഴിക്കോട് കോർപറേഷനിൽ സർപ്രൈസായി യുഡിഎഫ് അവതരിപ്പിച്ച ‘മേയർ സ്ഥാനാർഥി’ വി എം വിനുവിന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടില്ല. കൊട്ടിഘോഷിച്ച് യുഡിഎഫ് രംഗത്തിറക്കിയ സിനിമാ സംവിധായകൻ നാമനിർദേശ പത്രിക നൽകാൻ വോട്ടർ പട്ടിക പരിശോധിക്കുന്നതിനിടെയാണ് സർപ്രൈസിനെ വെല്ലുന്ന ക്ലൈമാക്‌സ് പിറന്നത്.
സ്‌റ്റാർട്ടും ആക്‌ഷനും കട്ടും എല്ലാം ഒരുമിച്ചായതോടെ സ്ഥാനാർഥിത്വം പിൻവലിക്കേണ്ട ജാള്യത്തിലാണ് യുഡിഎഫും ഡിസിസി നേതൃത്വവും. ഉറങ്ങുന്നവനെ എഴുന്നേൽപ്പിച്ച് ഉൗണില്ല എന്ന അവസ്ഥയിലായി വിനു.
വോട്ടർ പട്ടികയിൽ പേരില്ലെന്ന് മനസ്സിലാക്കിയതോടെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തെന്ന പ്രചാരണവുമായി വി എം വിനുവും ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറും രംഗത്തെത്തിയിരുന്നു. 2020–ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മലാപറന്പ് വാർഡിലെ നാലാം ബൂത്തിൽ വിനുവിന്റെയോ കുടുംബത്തിന്റെയോ പേര് വോട്ടർ പട്ടികയിലുണ്ടായിരുന്നില്ല.
ഇൗ പട്ടികയിൽ ഇടം നേടണമെങ്കിൽ വീണ്ടും അപേക്ഷ നൽകണമായിരുന്നു. വോട്ടർ പട്ടിക സൈറ്റിൽ ലഭ്യമല്ലെന്നായിരുന്നു മറ്റൊരു വാദം. അതും പൊളിഞ്ഞു. 2020–ലെ വോട്ടർ പട്ടിക ഇപ്പോഴും തെരഞ്ഞെടുപ്പ് കമീഷൻ സൈറ്റിൽ ലഭ്യമാണ്.ലോക്‌സഭ, നിയമസഭ വോട്ടർ പട്ടികയും തദ്ദേശ വോട്ടർ പട്ടികയും വ്യത്യസ്‌തമാണെന്നിരിക്കെ കോൺഗ്രസ് നേതൃത്വം പട്ടിക പരിശോധിക്കാതെയാണ് വിനുവിനെ സ്ഥാനാർഥിയാക്കിയത്.
സ്ഥാനാർഥിയാക്കിയിട്ടും വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം ഉപയോഗിക്കാതെ ഇളിഭ്യരായപ്പോഴാണ് കോർപറേഷനും എൽഡിഎഫിനുമെതിരെ തിരിഞ്ഞത്. കഴിഞ്ഞ മൂന്ന്, നാല് തീയതികളിൽ അവസാനമായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ അവസരം നൽകിയിരുന്നു. അതും ഉപയോഗപ്പെടുത്തിയില്ല.
2020–ലെ പട്ടികയിൽ പേരില്ലാതിരുന്നിട്ടും വി എം വിനു വോട്ട് ചെയ്‌തെങ്കിൽ അതു കള്ളവോട്ടാണെന്നും അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു. അദ്ദേഹത്തിന് വോട്ടില്ലെങ്കിൽ അത് പരിശോധിക്കേണ്ടത് സിപിഐ എമ്മല്ല, കോൺഗ്രസാണ്. നിയമപരമായല്ലാതെ വോട്ട് അനുവദിച്ചാൽ എതിർക്കുമെന്നും മെഹബൂബ് പറഞ്ഞു.








0 comments