കുറ്റവിമുക്തനാക്കണമെന്ന ഹർജി തള്ളി
മലബാർ സിമന്റ്‌സ് ഉദ്യോഗസ്ഥന്റെ മരണം : വി എം രാധാകൃഷ്ണന് തിരിച്ചടി

കൊച്ചി
മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട കേസിൽ വ്യവസായി വി എം രാധാകൃഷ്ണന് തിരിച്ചടി. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന രാധാകൃഷ്‌ണന്റെ ഹർജി ഹൈക്കോടതി തള്ളി.
മലബാർ സിമന്റ്സിലെ ഫ്ളെെ ആഷ് ഇറക്കുമതി അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ അനുകൂലമൊഴി നൽകണമെന്നാവശ്യപ്പെട്ട് ശശീന്ദ്രനെ വി എം രാധാകൃഷ്‌ണൻ ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് ശശീന്ദ്രൻ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തെന്നുമാണ് സിബിഐ കുറ്റപത്രം. കുറ്റംചുമത്തൽ ഘട്ടത്തിലെത്തിനിൽക്കുന്ന കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യം സിബിഐ കോടതിയിൽത്തന്നെ ഉന്നയിക്കാൻ നിർദേശിച്ചാണ് ജസ്റ്റിസ് വി ജി അരുൺ ഹർജി തള്ളിയത്.
2011 ജനുവരി 24നാണ് പാലക്കാട് കഞ്ചിക്കോട്ടെ വീട്ടിൽ വി ശശീന്ദ്രനെയും മക്കളായ വിവേക്, വ്യാസ് എന്നിവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഇത് കൊലപാതകമാണെന്ന പരാതിയിൽ ലോക്കൽ പൊലീസിനും ക്രൈംബ്രാഞ്ചിനുംശേഷം അന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു. കേസിൽ വി എം രാധാകൃഷ്ണൻ മൂന്നാംപ്രതിയാണ്. മലബാർ സിമന്റ്‌സ് മുൻ എംഡി എം സുന്ദരമൂർത്തി ഒന്നാംപ്രതിയും ഇയാളുടെ സെക്രട്ടറി സൂര്യ നാരായണൻ രണ്ടാംപ്രതിയുമാണ്. രാധാകൃഷ്ണനനെ 2023 മാർച്ചിൽ അറസ്റ്റ് ചെയ്തെങ്കിലും നിലവിൽ ജാമ്യത്തിലാണ്.









0 comments