ഇങ്ങനെ അവഹേളിക്കപ്പെടുന്നതുകൊണ്ടാണ് പെൺകുട്ടികൾ പരാതി പറയാൻ മടിക്കുന്നത്; ശ്രീകണ്ഠന്റെ പ്രതികരണം പ്രതിഷേധാർഹമെന്ന് കെ കെ ശൈലജ

വി കെ ശ്രീകണ്ഠൻ, കെ കെ ശൈലജ
തിരുവനന്തപുരം: പീഡനവും ഗർഭഛിദ്രത്തിന് സമ്മർദം ചെലുത്തിയതുമുൾപ്പെടെ ഗുരുതര ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തലിനെ ന്യായീകരിക്കുകയും പരാതിക്കാരെ അധിക്ഷേപിക്കുകയും ചെയ്ത വി കെ ശ്രീകണ്ഠൻ എംപിയുടെ പ്രതികരണം അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് കെ കെ ശൈലജ. ഇതുപോലെ അവഹേളിക്കപ്പെടുന്നതുകൊണ്ടാണ് പെൺകുട്ടികൾ പലരും പരാതി പറയാൻ മടിക്കുന്നത്. പരാതിപ്പെടുന്നവർ ഏതെങ്കിലും പരിപാടിയിൽ മന്ത്രിമാരുടെയോ മറ്റ് പുരുഷന്മാരുടെയോ കൂടെ നിൽക്കുന്നതുമായാണോ ഈ സംഭവത്തെ താരതമ്യം ചെയ്യേണ്ടത്. അവരാരെങ്കിലും ഈ പെൺകുട്ടിയോട് മോശമായി പെരുമാറിയവരാണോ. എല്ലാവരുടെയും വീട്ടിൽ സ്ത്രീകളുണ്ടെന്നെങ്കിലും എംപി ഓർക്കണമെന്നും ശൈലജ പറഞ്ഞു.
എംഎൽഎ സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചു എന്ന് കേട്ടപ്പോൾ അന്തംവിട്ടു. ഇവർ അശ്ലീലവും വ്യാജവുമായ പോസ്റ്ററുകൾ സൃഷ്ടിച്ചത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കണ്ടതാണ്. എന്നാൽ അതിനേക്കാൾ മോശമായ രീതിയിൽ പെരുമാറി എന്നാണ് ഇപ്പോൾ അറിയുന്നത്. എന്തും ആകാം എന്ന സമീപനമാണ് ഇത്തരക്കാർക്കെന്നും കർശനമായ നടപടികൾ കൈക്കൊള്ളണമെന്നും കെ കെ ശൈലജ പറഞ്‍ഞു.
യുവനേതാവിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ ലഭിച്ചെന്ന് തുറന്നുപറഞ്ഞ പെൺകുട്ടിയെ വസ്ത്രധാരണത്തിന്റെ പേരിലാണ് ശ്രീകണ്ഠൻ അധിക്ഷേപിച്ചത്. അർധവസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നില്ലേ എന്നായിരുന്നു എംപിയുടെ ചോദ്യം. രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയവേട്ടയാണെന്നും ശ്രീകണ്ഠൻ ന്യായീകരിച്ചിരുന്നു,









0 comments