മാവേലി സ്റ്റോറിന് പകരം വാമന സ്റ്റോർ കൊണ്ടുവന്നില്ലേ യുഡിഎഫ്; ഓണം ഹാപ്പിയാക്കിയത് സർക്കാർ ഇടപെടൽ: വി ജോയ്

V Joy Niyamasabha

വി ജോയ്

വെബ് ഡെസ്ക്

Published on Sep 18, 2025, 02:56 PM | 2 min read

തിരുവനന്തപുരം: പൊതുവിപണയില്‍ സംസ്ഥാന സർക്കാർ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നുവെന്ന് വി ജോയ് എംഎൽഎ. വിലക്കയറ്റം ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വിപണി ഇടപെടല‍ിനായി കഴിഞ്ഞ യുഡിഎഫ് സർക്കാർ 773 കോടി രൂപ ചെലവഴിച്ചപ്പോൾ, ഒന്നാം പിണറായി സർക്കാർ മാത്രം 4299 കോടി രൂപ ചെലവഴിച്ചു. രണ്ടാം പിണറായി സർക്കാർ ഇതുവരെ 3502 കോടി ചെലവഴിച്ചു. ഈ വർഷം ബജറ്റിൽ 325 കോടി രൂപ മാറ്റിവെച്ചു.


ലോകത്താകമാനം വിലക്കയറ്റമുണ്ട്. കേരളത്തിൽ അതിനെ പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ പരമാവധി ശ്രമിക്കുകയാണ്. കേരളം ഉപഭോക്തൃ സംസ്ഥാനമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സൂചിക കണക്കാക്കുമ്പോൾ കേരളം മുന്നിലാണ്. അതിന് പ്രധാന കാരണം സംസ്ഥാനത്ത് നിലനിൽക്കുന്ന ഉയർന്ന കൂലിനിരക്കാണ്. ആർബിഐ കണക്ക് പ്രകാരം സംസ്ഥാനത്തെ കർഷകമേഖലയിലെ കൂലി 807 രൂപയാണ്. എന്നാൽ രാജ്യത്തിന്റെ ദേശീയ ശരാശരി 372 രൂപയാണ്. നിർമാണ മേഖലയിൽ 900 ആണ് കേരളത്തിൽ പറയുന്നത്. യഥാർത്ഥത്തിൽ 1400-1500 രൂപ വരെ ഇവിടെ കൂലി ലഭിക്കുന്നുണ്ട്. പക്ഷേ ഇതിൽ ദേശീയ ശരാശരി 417 രൂപ മാത്രമാണ്.


ഈ യാഥാർത്ഥ്യം മനസിലാക്കിവേണം വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കാൻ. ആശയദാരിദ്ര്യം വരുമ്പോൾ എന്തും പറഞ്ഞുപോകുകയാണ് പ്രതിപക്ഷം. മാവേലി സ്റ്റോറിന് പകരം വാമന സ്റ്റോർ കൊണ്ടുവന്ന ചരിത്രമാണ് യുഡിഎഫിന്. 11 വർഷമായി കുത്തകകളെ സഹായിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. അതിനെക്കുറിച്ച് ഒരു വാക്ക് പോലും പ്രതിപക്ഷം പറയില്ല.


ഈ ഓണക്കാലം ജനങ്ങൾക്ക് ഹാപ്പിയാക്കിയത് സർക്കാർ ഇടപെടലിലൂടെയാണ്. ആളുകളുടെ കയ്യിൽ പണമെത്തുന്നതിനുള്ള എല്ലാ പരിശ്രമവും സർക്കാർ നടത്തി. രണ്ട് ​ഗഡു പെൻഷൻ 64 ലക്ഷം പേർക്ക് ഓണത്തിന് പത്ത് ദിവസം മുൻപ് നൽകി. തൊഴിലുറപ്പ് തൊഴിലാളികളുടെ ഓണസമ്മാനം 200 രൂപ വർധിപ്പിച്ച് 1200 രൂപയാക്കി. പൂട്ടിക്കിടന്ന 425 കശുവണ്ടി ഫാക്ടറികളിലെ 14000 ഓളം തൊഴിലാളികൾക്ക് ഓണക്കാല ആശ്വാസമായി 250 രൂപ വർധിപ്പിച്ച് 2250 രൂപ വീതം നൽകി. പൂട്ടിക്കിടന്ന തോട്ടം മേഖലയിലെ തൊഴിലാളികളെ സഹായിച്ചു. 12,500 ഖാദി തൊഴിലാളികൾക്ക് ഉത്സവബത്തയും ബോണസും നൽകി. 3.79 ലക്ഷം പരമ്പരാ​ഗത തൊഴിലാളികൾക്ക് ഓണസഹായമായി 50 കോടി രൂപ പ്രത്യേകമായി നൽകി. വെളിച്ചെണ്ണ 373 രൂപയ്ക്കാണ് ഓണത്തിന് നൽകിയത്. ഇതെല്ലാം മനസിലാക്കിയ ജനങ്ങൾ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പുശ്ചിച്ച് തള്ളുമെന്നും വി ജോയ് പറഞ്ഞു.


അതേസമയം അടിയന്തര പ്രമേയത്തിൽ ചർച്ച അനുവദിക്കുന്നതിൽ റെക്കോഡിട്ടിരിക്കുകയാണ് പതിനഞ്ചാം നിയമസഭ. ഈ നിയമസഭയുടെ 16-ാമത്തെ അടിയന്തരപ്രമേയ ചർച്ചയ്ക്കാണ് (സഭ നിർത്തിവയ്‌ക്കുന്നതിനുള്ള ഉപക്ഷേപം) അനുമതി നൽകുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ 30 അടിയന്തര പ്രമേയങ്ങൾക്കാണ്‌ ചർച്ച അനുവദിച്ചത്‌. പൊലീസ്‌ കസ്‌റ്റഡിയിലെ മർദനം സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ ചൊവ്വാഴ്‌ചയും, അമീബിക് മസ്തിഷ്ക ജ്വരം പ്രതിരോധം സംബന്ധിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ചയും അടിയന്തര പ്രമേയത്തിന് അനുമതി നൽകിയിരുന്നു. പതിനഞ്ചാം നിയമസഭ ചര്‍ച്ചയ്‌ക്കെടുത്ത 16 അടിയന്തരപ്രമേയങ്ങളില്‍ നാലെണ്ണം വിഷ്ണുനാഥിന്റേതാണെന്നും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home