കൗൺസിലറുടെ ആത്മഹത്യ ; ബിജെപി നേതൃത്വത്തിന്​ 
രക്ഷപ്പെടാനാകില്ല : വി ജോയി

v joyi
വെബ് ഡെസ്ക്

Published on Sep 23, 2025, 12:39 AM | 1 min read


തിരുവനന്തപുരം

ബിജെപി കൗൺസിലർ കെ അനിൽകുമാറിന്റെ (തിരുമല അനില്‍) ആത്മഹത്യയിൽനിന്ന്​ ബിജെപിക്ക് രക്ഷപ്പെടാനാകില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി. സിപിഐ എമ്മിന്റെയും പൊലീസി​ന്റെയുംമേല്‍ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ബിജെപി. ഒരായുസ്സുമുഴുവൻ പാർടിക്കായി നിലകൊണ്ട അനിലിനെ കരിമ്പിൻചണ്ടിപോലെ വലിച്ചെറിഞ്ഞു. ശാന്തികവാടത്തിലെ സംസ്​കാരത്തിൽ പ്രധാന നേതാക്കളിൽ വി മുരളീധരൻമാത്രമാണ്​ പ​ങ്കെടുത്തത്​.


ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പുറത്തുവരികയാണ്. മരണകാരണം എന്താണെന്ന് അതിലുണ്ട്. പ്രവർത്തകരും നേതാക്കളും പണം കൃത്യമായി തിരിച്ചടയ്ക്കാത്തത് പ്രതിസന്ധിയുണ്ടാക്കി. ഒടുവിലെല്ലാം തലയിലേക്ക് കെട്ടിവച്ചപ്പോഴാണ് ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യേണ്ടിവന്നത്. സംസ്കാരം ബിജെപിയുടെ ചെലവിലാകരുത് എന്നതുകൊണ്ടാണ് മരണാനന്തരചടങ്ങിന്‌ 10,000 രൂപ കരുതിവച്ചത്.


ദൗർഭാഗ്യകരമായ സംഭവം പുറത്തുവന്ന ഉടൻ ബിജെപിക്കാരുടെ സമചിത്തത കൈവിട്ടു. മാധ്യമപ്രവർത്തകരെ മർദിച്ചു. ശനി രാത്രിതന്നെ ബിജെപി ജില്ലാ പ്രസിഡന്റ്‌ കരമന ജയൻ വാര്‍ത്താസമ്മേളനം വിളിച്ച്‌ മരണത്തിന്റെ ഉത്തരവാദിത്വം സിപിഐ എമ്മിന്റെയും പൊലീസിന്റെയും തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചു. ആത്മഹത്യാക്കുറിപ്പില്‍ പറയാത്ത കാര്യങ്ങള്‍ മരണകാരണമായും നിരത്തി.


ഈ വിഷയത്തിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് ജനാധിപത്യമര്യാദയില്ലാത്ത വിധത്തിലാണ് സംസ്ഥാന പ്രസിഡന്റ് പെരുമാറിയത്. ഞായറാഴ്ച മരണവീട്ടിൽ എത്തിയ രാജീവ് ചന്ദ്രശേഖറിനോടും വി മുരളീധരനോടും കരമന ജയനോടും അനിലിന്റെ ഭാര്യ ചോദിച്ചത് "നിങ്ങളെല്ലാവരുംകൂടി കൊലയ്ക്ക് കൊടുത്തില്ലേ' എന്നാണ്. ഈ ചോദ്യത്തിനുമുന്നിൽ പകച്ച ബിജെപി നേതാക്കളാണ് മാധ്യമങ്ങളോട് തട്ടിക്കയറുന്നതെന്നും വി ജോയി വാർത്താസമ്മേളനത്തിൽ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home