വി ഡി സതീശൻ പണംപിരിച്ചെങ്കിലും പദ്ധതി നടപ്പാക്കിയില്ലെന്ന് വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി
തട്ടിപ്പിന്റെ ‘പുനർജനി’ ; ചർച്ചയായി സതീശന്റെ പണപ്പിരിവ്

ചിറ്റാറ്റുകരയിൽ പുനർജനി പദ്ധതിയുടെ മറവിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് തരിശുനിലത്തിലേക്ക് നിർമിച്ച ഇന്റർലോക്ക് റോഡ്
എസ് ശ്രീലക്ഷ്‌മി
Published on Aug 01, 2025, 02:30 AM | 1 min read
കൊച്ചി
മുണ്ടക്കൈ ദുരന്തബാധിതർക്ക് വീട് നൽകാനെന്ന പേരിൽ യൂത്ത്‌കോൺഗ്രസ് നടത്തിയ പണപ്പിരിവിലെ വെട്ടിപ്പ് പുറത്തുവന്നതോടെ, പ്രളയകാലത്ത് ജനങ്ങളെ പറ്റിച്ച പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ "പുനർജനി’ തട്ടിപ്പും ചർച്ചയായി. പറവൂരിൽ വലിയ നാശനഷ്‌ടമാണ് പ്രളയത്തിൽ ഉണ്ടായത്. അവിടെ വീട് നഷ്‌ടമായവർക്ക് വീടുവയ്ക്കാനെന്ന പേരിൽ ‘സ്വന്തം പദ്ധതി’ പ്രഖ്യാപിച്ചായിരുന്നു സതീശന്റെ പണപ്പിരിവ്.
അനുമതിയില്ലാതെ വിദേശത്തുപോയി പണംപിരിച്ചത് വിവാദമായി. പുനർജനി പദ്ധതിക്ക് ഫണ്ട് ചോദിച്ച് ബർമിങ്‌ഹാമിൽ പ്രസംഗിച്ചിട്ടില്ലെന്നാണ് സതീശൻ നിയമസഭയിൽ പറഞ്ഞത്. എന്നാൽ, പ്രസംഗങ്ങളുടെ വീഡിയോ പുറത്തുവന്നതോടെ സതീശൻ വെട്ടിലായി. 2018 ഒക്ടോബർ 28ന് ബിർമിങ്‌ഹാമിൽ പണം ചോദിച്ച് സംസാരിക്കുന്നതിന്റെയും 2020 മെയ് ഒമ്പതിന് പറവൂരിൽ നടത്തിയ വാർത്താസമ്മേളനത്തിന്റെയും വീഡിയോകളാണ് കള്ളിപൊളിച്ചത്.
പുനർജനി പദ്ധതിയുടെ ഭാഗമായി ഫ്ലാറ്റ് നിർമിക്കാൻ എളന്തിക്കരയിൽ കല്ലിട്ടെങ്കിലും പണി തുടങ്ങിയില്ല. 217 വീട് നിർമിച്ചുനൽകിയെന്നായിരുന്നു സതീശന്റെ അവകാശവാദം. എന്നാൽ, സന്നദ്ധസംഘടനകൾ സ്‌പോൺസർ ചെയ്‌ത് നിർമിച്ച വീടുകൾക്കുമുന്നിൽ പുനർജനി പദ്ധതിയുടെ ബോർഡ് വയ്‌ക്കുകയായിരുന്നു. ഇതിൽ പരാതിയുയർന്നു. പണം പിരിച്ചെങ്കിലും പദ്ധതി നടപ്പാക്കിയില്ലെന്നാണ് വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.









0 comments