ആഗോള അയ്യപ്പസംഗമം ; സതീശന്റെയും ബിജെപിയുടെയും സ്വരം ഒരേപോലെ

തിരുവനന്തപുരം
ശബരിമല വികസനം ചർച്ചചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തെപ്പറ്റി പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംഘപരിവാറിനും ഒരേസ്വരം. ശബരിമല വികസനത്തിന്റെ മാസ്‌റ്റർപ്ലാനിൽ അഭിപ്രായവും നിർദേശവും തേടുന്ന പരിപാടിയെ ഇവർ തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള രാഷ്‌ട്രീയനാടകമെന്നാണ് വിമർശിക്കുന്നത്. ഒരുവർഷം മുന്പ് ദേവസ്വം ബോർഡ് പ്രഖ്യാപിച്ച പരിപാടിയല്ലേ ഇതെന്ന് ചോദിച്ചാൽ രണ്ട് കൂട്ടർക്കും ഉത്തരമില്ല. വിഷയത്തിൽ വി ഡി സതീശന് കാലിടറിയത്, എൻഎസ്‌എസും എസ്‌എൻഡിപിയും സംഗമത്തെ അനുകൂലിച്ചതോടെയാണ്. യുഡിഎഫ് യോഗം വിളിച്ചെങ്കിലും എതിർക്കാനുള്ള കാരണം ബോധ്യപ്പെടുത്താനായില്ല.
ശബരിമല തീർഥാടനത്തിന് മാത്രം ഉമ്മൻചാണ്ടി സർക്കാർ അഞ്ചുവർഷംകൊണ്ട് 341.26 കോടിയാണ് ചെലവിട്ടത്. എന്നാൽ, ഒന്നാം പിണറായി സർക്കാറിന്റെ ആദ്യ നാലുവർഷത്തിൽ മാത്രം ഇത് 1255.32 കോടിയാണ്. ശബരിമല വികസനത്തിനായി യുഡിഎഫ് സർക്കാർ അഞ്ചു വർഷംകൊണ്ട് 456.216 കോടി രൂപ അനുവദിച്ചപ്പോൾ എൽഡിഎഫ് സർക്കാർ വകയിരുത്തിയത് 1519.22 കോടിയും.
നിലവിൽ നാല് ഇടത്താവളങ്ങളുടെ വികസനത്തിന് 141 കോടിയും നിലയ്‌ക്കൽ ബേസ് ക്യാമ്പിന് 50 കോടിയും കിഫ്‌ബിയിലൂടെ ചെലവിടുന്നുണ്ട്. എട്ടു കോടി ചെലവിൽ 50 ലക്ഷം ലിറ്ററിന്റെ നാല് ജലസംഭരണികളും 12 കോടിയുടെ ദർശൻ കോംപ്ലക്‌സും നാലു കോടിയുടെ വലിയ നടപ്പന്തൽ നവീകരണവും 5.5 കോടി ചെലവിൽ ആധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രിയും യാഥാർഥ്യമാക്കി. മാസ്‌റ്റർ പ്ലാനിന് 83.95 കോടിയും സാനിറ്റേഷൻ സൊസൈറ്റിക്ക് 20.42 കോടിയും അനുവദിച്ചു. അങ്ങനെ ശബരിമലയിൽ നടക്കുന്ന ചരിത്രത്തിലെ ഏറ്റവുംവലിയ വികസനപ്രവർത്തനങ്ങൾ കാണാനുള്ള കണ്ണ് വി ഡി സതീശനും ബിജെപിക്കും ഇല്ലാതെപോയി.









0 comments