വി വി പ്രകാശിന്റെ വീട്ടിൽ ഷൗക്കത്ത് എന്തിന് പോകണം?; അതിന്റെ ആവശ്യമില്ലെന്ന് സതീശൻ

V D Satheesan press meet

വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ. പി കെ കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, അടൂർ പ്രകാശ് എന്നിവർ സമീപം

വെബ് ഡെസ്ക്

Published on Jun 17, 2025, 04:06 PM | 1 min read

നിലമ്പൂർ: അന്തരിച്ച മുതിർന്ന കോൺ​ഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട്ടിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പോകാതിരിക്കുന്നതിനെ ന്യായീകരിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഷൗക്കത്തിന് ആ വീട്ടിൽ പോകണ്ട ആവശ്യമില്ലെന്നും സ്ഥാനാർഥി എവിടെയൊക്കെ പോകണമെന്ന് തങ്ങൾ തീരുമാനിച്ചോളാമെന്നുമാണ് സതീശൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയത്.


"ഷൗക്കത്തിന് അവിടെ പോകേണ്ട ആവശ്യമില്ല, എന്തിനാ ആ വിട്ടിൽ പോകുന്നത്. ഷൗക്കത്തിന്റെ സഹോദരങ്ങളുടെ വീട്ടിലൊന്നും പോയിട്ടില്ലല്ലോ. വി എസ് ജോയിയുടെ വീട്ടിൽ പോയിട്ടില്ലല്ലോ. കോൺ​ഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമാരുടെയൊക്കെ വീട്ടിൽ ഷൗക്കത്ത് പോകണോ? വി വി പ്രകാശിന്റെ വീട്ടിൽ എന്തിനാണ് ഷൗക്കത്ത് പോകുന്നത്. പോകണ്ട ആവശ്യമില്ല. ഞങ്ങളുടെ സ്ഥാനാർഥി എവിടെ പോകണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം"- സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ഡിസിസി പ്രസിഡന്റും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്നു വി വി പ്രകാശ്. പ്രകാശിനെ തോൽപ്പിക്കാൻ ആര്യാടൻ ഷൗക്കത്ത് ശ്രമിച്ചുവെന്ന പരാതി വ്യാപകമായി പ്രദേശത്തെ കോൺ​ഗ്രസിനുള്ളിൽത്തന്നെയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ പ്രകാശ് കൈ കൊടുക്കാൻ ശ്രമിക്കുമ്പോൾ ഷൗക്കത്ത് അവ​ഗണിച്ച ദൃശ്യങ്ങളുൾപ്പെടെ ചർച്ചയായിരുന്നു.


എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് കഴിഞ്ഞദിവസം പ്രകാശിന്റെ വീട്ടിലെത്തി കുടുംബാം​ഗങ്ങളെ സന്ദർശിച്ചിരുന്നു. വ്യക്തിപരമായ സന്ദർശനമായിരുന്നുവെന്നും തന്റെ പ്രീഡി​ഗ്രി കാലം മുതൽ പ്രകാശുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ബന്ധമുണ്ടായിരുന്നുവെന്നും സ്വരാജ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home